സിമി നിരോധനം: പോലിസിനെതിരേ കടുത്ത വിമര്‍ശനവുമായി ട്രൈബ്യൂണല്‍

സിമി നിരോധനം നീട്ടാന്‍ മതിയായ കാരണങ്ങള്‍ ആരാഞ്ഞ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ ട്രൈബ്യൂണലിന് മുമ്പാകെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സത്യവാങ്മൂലം. എന്നാല്‍, സത്യവാങ്മൂലത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ട്രൈബ്യൂണല്‍ നടത്തിയത്.

Update: 2019-05-04 08:21 GMT

മുംബൈ: സിമി നിരോധനം നീട്ടണമെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) കുറ്റാന്വേഷണ വിഭാഗവും. സിമി നിരോധനം നീട്ടാന്‍ മതിയായ കാരണങ്ങള്‍ ആരാഞ്ഞ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ ട്രൈബ്യൂണലിന് മുമ്പാകെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സത്യവാങ്മൂലം. എന്നാല്‍, സത്യവാങ്മൂലത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ട്രൈബ്യൂണല്‍ നടത്തിയത്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജ് മുക്ത ഗുപ്തയുടെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണലാണ് വാദം കേള്‍ക്കുന്നത്. ഭീകരവിരുദ്ധ സ്‌ക്വാഡ് സൂപ്രണ്ട് രവീന്ദ്രസിങ് പര്‍ദേശിയാണ് സിമി നിരോധനത്തെ സാധൂകരിച്ച് ട്രൈബ്യൂണല്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പൂനെ ഉള്‍പ്പടെ മഹാരാഷ്ട്രയിലെ പത്തോളം ജില്ലകളിലെ തീവ്രവാദ കേസുകളുടെ മേല്‍നോട്ടം വഹിക്കുന്നത് പര്‍ദേശിയാണ്. സിമി ഭീകരപ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് ആരോപിക്കുന്ന സത്യവാങ്മൂലത്തില്‍, 2006 ലെ മുംബൈ ലോക്കല്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനവും, 2010 ലെ മുംബൈ ജര്‍മന്‍ ബേക്കറി സ്‌ഫോടനവും 2011 ലെ കള്ളനോട്ട് കേസുമാണ് നിരോധിക്കാനുള്ള കാരണമായി എടിഎസ് സാധൂകരിക്കുന്നത്. ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് സിമിയുമായി ബന്ധമുണ്ടെന്ന ആരോപണമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

2014 ജൂലായ് 16ന് പൂനെ വിശ്രംബാഗ് പോലിസ് സ്‌റ്റേഷനില്‍ നടന്ന ബോംബ് സ്‌ഫോടനവും നിരോധനത്തെ ന്യായീകരിക്കാനുള്ള കാരണായി എടിഎസ് നിരത്തുന്നുണ്ട്. എന്നാല്‍, ഈ കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട അഞ്ച് സിമി പ്രവര്‍ത്തകര്‍ മധ്യപ്രദേശിലും തെലങ്കാനയിലും നടന്ന പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പോലിസിനെതിരേ കടുത്ത വിമര്‍ശനമാണ് ട്രൈബ്യൂണല്‍ ഉന്നയിച്ചത്. സിമി നിരോധനം തുടരാന്‍ തക്കതായ കാരണങ്ങള്‍ സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ എടിഎസ്സിനോട് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ തെളിയാത്തതും തള്ളിക്കളഞ്ഞതുമായ കേസുകളുമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും ട്രൈബ്യൂണര്‍ കുറ്റപ്പെടുത്തി. സിമിക്ക് വേണ്ടി നിയമോപദേശകര്‍ ആരും ഹാജരായില്ല.

Tags:    

Similar News