നേപ്പാളില്‍ നിന്നും മോഷ്ടിച്ച വിഗ്രഹങ്ങള്‍
ന്യൂയോര്‍ക്കിലുള്ള മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ഈയിടെ ഒരു നല്ല കാര്യം ചെയ്തു. നേപ്പാളില്‍ നിന്നു മൂന്നു ദശാബ്ദം മുമ്പ് മോഷ്ടിച്ച അപൂര്‍വങ്ങളായ രണ്ടു വിഗ്രഹങ്ങള്‍ ആ രാജ്യത്തിനു തിരിച്ചുനല്‍കി.
സരിതാ മാഹിന്‍
ന്യൂയോര്‍ക്കിലുള്ള മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ഈയിടെ ഒരു നല്ല കാര്യം ചെയ്തു. നേപ്പാളില്‍ നിന്നു മൂന്നു ദശാബ്ദം മുമ്പ് മോഷ്ടിച്ച അപൂര്‍വങ്ങളായ രണ്ടു വിഗ്രഹങ്ങള്‍ ആ രാജ്യത്തിനു തിരിച്ചുനല്‍കി. ബുദ്ധപ്രതിമയും ശിവപാര്‍വതി വിഗ്രഹവുമാണ് 1930ല്‍ സ്വകാര്യ വ്യക്തികള്‍ മോഷ്ടിച്ചു കടത്തിയത്. ഈ രണ്ടു വിഭാഗങ്ങളെയും കുറിച്ച് നേപ്പാള്‍ ഗവണ്‍മെന്റിനു യാതൊരറിവും ഉണ്ടായിരുന്നില്ല.
ചരിത്രകാരനായ ലെയന്‍സിങ് ബാംഗദല്‍ രണ്ടു വിഗ്രഹങ്ങളും മെട്രോപൊളിറ്റന്‍ മ്യൂസിയത്തിലുണ്ടെന്ന് ഒരു പുസ്തകത്തില്‍ പരാമര്‍ശിച്ചതോടെയാണ് ഇക്കാര്യം അറിയുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ ശിവപ്രതിമയായ ഉമാമഹേശ്വര്‍ വിഗ്രഹം 1983ല്‍ മെട്രോപൊളിറ്റന്‍ മ്യൂസിയത്തിനു നല്‍കിയതാണ്. അതേസമയം, 700 വര്‍ഷം പഴക്കമുള്ള ബുദ്ധവിഗ്രഹം 2015ല്‍ ഒരു സ്വകാര്യവ്യക്തി മ്യൂസിയത്തിനു സംഭാവന നല്‍കിയതാണത്രെ!
വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞ മെട്രോപൊളിറ്റന്‍ മ്യൂസിയം വിഗ്രഹങ്ങളെ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തി. ഇനി മുതല്‍ കാഠ്മണ്ഡുവിലെ നാഷനല്‍ മ്യൂസിയം ഓഫ് നേപ്പാളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നേപ്പാള്‍ പുരാവസ്തു വകുപ്പിലെ ശ്യാംസുന്ദര്‍ രാജബന്‍ഷി വ്യക്തമാക്കിയിട്ടുണ്ട്.
1960 മുതല്‍ 1980 വരെയുള്ള കാലത്ത് നേപ്പാളില്‍ നടന്ന കവര്‍ച്ചകള്‍ രാജ്യത്തിന്റെ സമൃദ്ധമായ സാംസ്‌കാരികപൈതൃകത്തെ വേരോടെ പിഴുതെടുക്കുന്നതായിരുന്നു. 2015 ഏപ്രിലില്‍ ഉണ്ടായ ശക്തമായ പ്രകൃതിദുരന്തങ്ങളും അശാസ്ത്രീയ നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങളും പുരാതന സ്ഥലങ്ങളെ ശിഥിലീകരിച്ചു. 2015 ഏപ്രിലിലുണ്ടായ ശക്തമായ ഭൂമികുലുക്കം നേപ്പാളിനെ പിടിച്ചുകുലുക്കി. നേപ്പാളിന്റെ സാംസ്‌കാരികപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം കിണഞ്ഞു പരിശ്രമിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക ഏജന്‍സി യുനെസ്‌കോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.