വിഗ്രഹം തൊട്ടതിന് ദലിത് ബാലന് 60,000 രൂപ പിഴ; എട്ട് സവര്‍ണര്‍ക്കെതിരേ കേസെടുത്തു
ബംഗളൂരു: ദലിത് ബാലന്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി. സംഭവം വിവാദമായതോടെ കര്‍ണാടക പോലിസ് എട്ട് ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ക്കെതിരെ കേസെടുത്തു. ഈ മാസം ആദ്യം കോലാര്‍ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലാണ് സംഭവം.
മുന്‍ പഞ്ചായത്ത് അംഗം നാരായണ സ്വാമി, ഗ്രാമത്തലവന്റെ ഭര്‍ത്താവ് വെങ്കിടേശപ്പ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരും മറ്റ് ചിലര്‍ക്കെതിരെയും പൗരാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തത്.
സെപ്റ്റംബര്‍ എട്ടിന് ബൂത്തമ്മയുടെ പ്രതിഷ്ഠയെ ഘോഷയാത്രയായി കൊണ്ടുപോകുമ്പോള്‍ 15 വയസ്സുള്ള ദലിത് ബാലന്‍ വിഗ്രഹത്തില്‍ തൊട്ടു. ഉയര്‍ന്ന ജാതിക്കാര്‍ പഞ്ചായത്ത് വിളിച്ച് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. വിഗ്രഹത്തില്‍ തൊട്ടതിന് കുടുംബം 60,000 രൂപ പിഴയടക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പണം നല്‍കാന്‍ കഴിയില്ലെന്ന് കുട്ടിയുടെ അമ്മ ശോഭ പറഞ്ഞപ്പോള്‍, ഗ്രാമം വിട്ടുപോകാന്‍ പഞ്ചായത്ത് അവളോട് ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് കുടുംബം ദലിത് ക്ഷേമ സംഘടനയായ അംബേദ്കര്‍ സേവാ സമിതിയെ സമീപിച്ചു. അവര്‍ കുടുംബത്തെ പോലിസ് സ്‌റ്റേഷനിലെത്തിച്ച് പരാതി നല്‍കി.
'ദൈവത്തിന് നമ്മുടെ സ്പര്‍ശനം ഇഷ്ടമല്ലെങ്കില്‍, ആളുകള്‍ നമ്മെ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്?' ശോഭ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'മറ്റേതൊരു വ്യക്തിയെയും പോലെ ഞാനും പണം ചിലവഴിച്ചു, ദൈവത്തിന് സംഭാവനകള്‍ അര്‍പ്പിച്ചു. ഇനി മുതല്‍ ഞാന്‍ അത്തരത്തിലുള്ള ഒരു കാര്യവും ചെയ്യില്ല, ഡോ ബി ആര്‍ അംബേദ്കറോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.
കുട്ടിയുടെ മാതാവ് ശോഭയുടെ പരാതിയെ തുടര്‍ന്ന് നാരായണസ്വാമി, രമേഷ്, നാരായണസ്വാമി (മുന്‍ ജിപി അംഗം), വെങ്കിടേശപ്പ, കോട്ടേപ്പ, ചലപതി, മോഹന്‍ റാവു (അര്‍ച്ചക്), ചിന്നയ്യ എന്നിവര്‍ക്കെതിരെ എസ്‌സി/എസ്ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.