'നായാട്ട്'... ഭരണകൂട യുക്തികളുടെ ദൃശ്യവാങ്മയം
മുമ്പ് ഒരു ഐ പി എസ് ഓഫീസർ മനുഷ്യ സ്നേഹത്തിന്റെ പേരിൽ സത്യസന്ധമായി കേസ് അന്വേഷിച്ചതിന് രണ്ട് വർഷമായി ജയിലിൽ കിടക്കുകയാണ്, ജാമ്യം പോലും കിട്ടിയിട്ടില്ല, എന്ന് അനില്‍ നെടുമങ്ങാട് അവതരിപ്പിക്കുന്ന പോലിസുദ്യോഗസ്ഥന്‍ സഞ്ജയ് ഭട്ടിന്റെ പേര് പരാമര്‍ശിക്കാതെ പറഞ്ഞുപോവുന്നുണ്ട് സിനിമയില്‍. 'കുനിഞ്ഞ് നിന്ന കാലമൊക്കെ പോയി സാറേ', എന്നാണ് ദലിതനായ കഥാപാത്രം പോലിസിനോട് പറയുന്നത്.
എന്‍ എം സിദ്ദീഖ്
എങ്ങനെയാണ് ഭരണകൂട യുക്തികള്‍ പൗരസഞ്ചയത്തിന്‍മേല്‍ അധികാരപ്രയോഗവും മര്‍ദ്ദനവും നടത്തുന്നതെന്ന ദൃശ്യാന്വേഷണമാണ് 'നായാട്ട്' എന്ന മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സിനിമയുടെ പ്രമേയം. അതില്‍ ചില ദലിതനുഭവങ്ങള്‍, തീര്‍ച്ചയായും അനതിവിദൂരമല്ലാതെ കേരളത്തില്‍ സംഭവിച്ച ചില യഥാതദാനുഭവങ്ങളുടെ ലാഞ്ചനയുള്ള വാര്‍ത്തകളുടെ പശ്ചാത്തലമതിനൊക്കെയുണ്ടുതാനും. ഉള്‍ച്ചേര്‍ന്നാല്‍ വിവാദസാധ്യത അധികരിക്കുകയാണോ? സിനിമയെക്കുറിച്ച് അത്തരം ചില പ്രതികരണങ്ങളെങ്കിലും നമ്മുടെ സോഷ്യല്‍ ഡൊമെയ്‌നുകളിലുണ്ട്.
തിരഞ്ഞെടുപ്പിന്റെ കാലികരാഷ്ട്രീയ പശ്ചാത്തലത്തമാണ് സിനിമയുടെ കാലം. ഇക്കാലം ദലിതുകളും സമ്മര്‍ദ്ദഗ്രൂപ്പാവുകയാണ് സിനിമയില്‍. മുന്നണി സംവിധാനത്തിലെ പ്രഷര്‍ ഗ്രൂപ്പായി, ജാതിവോട്ട് എന്നതൊരു സ്റ്റിഗ്മയല്ല, യാഥാര്‍ഥ്യം മാത്രമാണെന്ന ബോധ്യത്തില്‍, ലവലേശം പുരോഗമന നാട്യമില്ലാതെ, മതേതര, ജാതിവിരുദ്ധ തലതൊട്ടപ്പന്‍മാരെ തെല്ലും കൂസാതെ, ജാതി പറയുകയും ചോദിക്കുകയുമാണ് സിനിമയില്‍. ഇത്രകാലം ജാതിയെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ചിരുന്ന മുഖ്യധാരാ സിനിമയില്‍ ദലിതര്‍ക്ക് ലഭിക്കുന്ന ദൃശ്യത ശ്രദ്ധേയമാണ്.
പോലിസ് സ്റ്റേഷനില്‍ ഒരു കൃഷ്ണപ്രിയയും ആല്‍ബര്‍ട്ടുമായുളള പ്രണയത്തെ പോലിസിങ്ങിന് വിധേയമാക്കുന്നതും മന്ത്രിബന്ധുവിന്റെ മകളുടെ അന്യമത പ്രണയത്തെ നേരിടാന്‍, അവളുടെ കാമുകന്‍ ചെയ്തതാണെന്ന് വരുത്താന്‍, പോലിസിനെക്കൊണ്ട് കാമുകിയുടെ വീടിന്റെ ജനാല പെട്രോളൊഴിച്ച് കത്തിക്കുന്ന സീനുമൊക്കെയായി സിനിമ തുടക്കം മുതലേ രാഷ്ട്രീയം പ്രസ്താവിക്കുന്നുണ്ട്. മുഖ്യകഥയിലെ സംഘര്‍ഷമത്രയും ദലിതുകള്‍ തമ്മില്‍തമ്മിലാണെന്നതാണ് മറ്റൊരു വസ്തുത. ഭരണകൂടത്തിന് പൗരന്‍മാരോട് എത്രത്തോളം മനുഷ്യത്വരഹിതമാവാനാവുമെന്ന് സിനിമ പറയുന്നു.
മുമ്പ് ഒരു ഐ പി എസ് ഓഫീസർ മനുഷ്യ സ്നേഹത്തിന്റെ പേരിൽ സത്യസന്ധമായി കേസ് അന്വേഷിച്ചതിന് രണ്ട് വർഷമായി ജയിലിൽ കിടക്കുകയാണ്, ജാമ്യം പോലും കിട്ടിയിട്ടില്ല, എന്ന് അനില്‍ നെടുമങ്ങാട് അവതരിപ്പിക്കുന്ന പോലിസുദ്യോഗസ്ഥന്‍ സഞ്ജയ് ഭട്ടിന്റെ പേര് പരാമര്‍ശിക്കാതെ പറഞ്ഞുപോവുന്നുണ്ട് സിനിമയില്‍. 'കുനിഞ്ഞ് നിന്ന കാലമൊക്കെ പോയി സാറേ', എന്നാണ് ദലിതനായ കഥാപാത്രം പോലിസിനോട് പറയുന്നത്. പോലിസിന്റെ അതിക്രമത്തെ നിയമപരമായി, ഒരുവേള പട്ടികവിഭാഗ പീഡനസംരക്ഷണ നിയമപ്രകാരം നേരിടുമെന്ന 'ഭീഷണി'യും സിനിമയിലുണ്ട്. അവര്‍ നിയമപരമായിത്തന്നെയാണ് സ്റ്റേറ്റിന്റെ അതിക്രമത്തെ നേരിടാനൊരുങ്ങുന്നത്.
സിനിമയില്‍ ജോജു അവതരിപ്പിക്കുന്ന 'മണിയന്‍' എന്ന കഥാപാത്രവും നിമിഷാ സജയന്റെ 'സുനിത' എന്ന കഥാപാത്രവും ദലിതുകളാണ്, പോലിസുകാരാണവര്‍. അവരും, കുഞ്ചാക്കോ ബോബന്റെ 'പ്രവീണ്‍' എന്ന പോലിസുകാരനും ചേര്‍ന്നുപോവുമ്പോള്‍ സംഭവിച്ച യാദൃശ്ചികമായ ഒരു റോഡപകടത്തെത്തുടര്‍ന്ന് അവര്‍ പ്രതിസ്ഥാനങ്ങളിലേക്ക് വരികയും തുടര്‍ന്ന് പലായനം ചെയ്യുകയുമാണ്.അപകടത്തില്‍ കൊല്ലപ്പെട്ടത് നേരത്തേ പോലിസുകാരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ഒരു ദലിത് യുവാവാണ്. പോലിസുകാരായ മണിയന്‍, സുനിത, പ്രവീണ്‍ എന്നിവരെ തുടര്‍ന്ന് പോലിസ് തന്നെ പിന്തുടര്‍ന്ന് 'നായാടു'ന്നതാണ് സിനിമയുടെ കഥ.
തിരഞ്ഞെടുപ്പിന്റെ സെന്‍സേഷനല്‍ പശ്ചാത്തലത്തില്‍, മാധ്യമവിചാരണയും സംഭവത്തില്‍ സത്യത്തില്‍ പങ്കില്ലാത്ത പോലിസുകാര്‍ക്കെതിരാവുന്നു. ഭരണാധികാരിയായ മുഖ്യമന്ത്രി തന്റെയും തുടര്‍ഭരണത്തിന്റെയും രാഷ്ട്രീയലാഭത്തിന്‍മേല്‍ മാത്രമാണ് മനസ് വയ്ക്കുന്നതും തന്ത്രങ്ങളൊരുക്കുന്നതും. പോലിസിനെ അതിനായി ഉപയോഗിക്കുകയാണയാള്‍. ദലിതരൊഴികെയുള്ളവരുടെ ജന്‍മനായുള്ള പ്രിവിലേജിനെ, ഗുണ്ടായിസത്തോളം പോന്ന തന്റേടത്തിലും ജാതി സ്വത്വരാഷ്ട്രീയത്തിലും മറികടക്കുന്ന ദലിത് പരിപ്രേക്ഷ്യം സിനിമ പറഞ്ഞുവയ്ക്കുന്നു.
വിധേയത്വത്തിനൊരു ബാധ്യതയുമില്ലാത്തവരായി ദലിതുകള്‍ സ്വയം പ്രഖ്യാപിക്കുന്ന സിനിമയില്‍ അധികാര രാഷ്ട്രീയത്തോളം അവരെത്തിപ്പിടിക്കുകയാണ്, അത് യാഥാര്‍ഥ്യവുമായി അത്രയടുത്ത് നില്‍ക്കുന്നില്ലെങ്കിലും. ഡമ്മി പ്രതികളെ ഹാജരാക്കുന്ന, ക്വട്ടേഷനെടുക്കുന്ന പോലിസിങ്ങിനെ സിനിമ തുറന്നുകാട്ടുന്നു. 'നായാട്ട്' അവസാനിക്കുന്നത് പൊടുന്നനെയും അവിചാരിതമായുമാണ്. ഇനിയും പറയാന്‍ ബാക്കിവയ്ക്കുന്ന സാധ്യതകള്‍ ഒത്തിരി ശേഷിപ്പിച്ച്, അതാണതിന്റെ മറ്റൊരു ചാരുത.
പോലിസിന്റെ യുക്തികൾക്ക് മുന്നിൽ തോറ്റു പോകുന്ന, ഭരണകൂട യുക്തികൾക്ക് മുന്നിൽ നിശബ്ദരായി പോകുന്ന, നിസ്സഹായതയിൽ സിനിമ അവസാനിക്കുമ്പോൾ ഭീതിദമായ സാധ്യതകൾ തുറന്നു വെക്കുകയാണ് സിനിമയിൽ.