പ്രക്ഷോഭത്തില്‍
വിന്‍സന്റ് ലിന്ഡനും ഒന്നിക്കുന്ന നാലാമത്തെ സിനിമയായ അറ്റ്‌വാര്‍(പ്രക്ഷോഭത്തില്‍/എന്‍ ഗുറെ/2018) ഡോക്കുമെന്ററികളുടെ ശൈലിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ജി പി രാമചന്ദ്രന്‍
ഫ്രഞ്ച് സംവിധായകനായ സ്റ്റെഫാന്‍ ബ്രീസെയും അതുല്യ നടന്‍ വിന്‍സന്റ് ലിന്ഡനും ഒന്നിക്കുന്ന നാലാമത്തെ സിനിമയായ അറ്റ്‌വാര്‍(പ്രക്ഷോഭത്തില്‍/എന്‍ ഗുറെ/2018) ഡോക്കുമെന്ററികളുടെ ശൈലിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. മഡെമോയ് സെല്ലെ ചാമ്പോന്‍(2011), എ ഫ്യൂ അവര്‍സ് ഓഫ് സ്പ്രിംഗ്(2012), ദ മെഷര്‍ ഓഫ് എ മാന്‍(2015) എന്നിവയാണ് അവര്‍ രണ്ടും ഒരുമിച്ച മുന്‍ ചിത്രങ്ങള്‍. ഇതില്‍ ദ മെഷര്‍ ഓഫ് എ മാനിലെ അഭിനയത്തിന് കാന്‍ മേളയില്‍ ലിന്ഡന് ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം ലഭിച്ചു.
അറ്റ്‌വാറില്‍, നീലക്കോളറുകാരനായ ഒരു ഫാക്ടറിതൊഴിലാളിയെയാണ് ലിന്ഡന്‍ അവതരിപ്പിക്കുന്നത്. വെറും തൊഴിലാളിയല്ല, ട്രേഡ് യൂണിയന്‍ നേതാവുകൂടിയാണയാള്‍. ലോറന്റ് അമെദിയോ എന്നാണാ നേതാവിന്റെ പേര്. അയാള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ വിവിധ സംഘടനകളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള യൂണിയനല്ല അയാളുടേത് എങ്കിലും അയാള്‍ക്ക് തൊഴിലാളികള്‍ക്കിടയിലുള്ള മതിപ്പും ആദരവും ഒട്ടും കുറവല്ല. ലാഭത്തിലോടുന്ന ആ കാര്‍ കമ്പനിയില്‍ നിന്ന് പൊടുന്നനെ ആയിരത്തി ഒരു നൂറോളം വരുന്ന തൊഴിലാളികളെ പിരിച്ചുവിടാന്‍ മാനേജുമെന്റ് തീരുമാനിക്കുന്നു. കമ്പനിക്ക് പ്രവര്‍ത്തന ലാഭമുണ്ടെങ്കിലും ഓഹരിമൂല്യം കുറയുന്നത് തടയാനും കാര്‍ നിര്‍മാണം പുന:സംഘടിപ്പിക്കാനുമാണ് ഈ പിരിച്ചുവിടല്‍ എന്നാണ് മാനേജുമെന്റ് പറയുന്നത്. സംയുക്തതൊഴിലാളി മുന്നണി അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുന്നു. ആവേശകരമായ സമരമുഹൂര്‍ത്തങ്ങള്‍ നിരവധിയാണ് ചിത്രത്തില്‍. കമ്പനിപ്പടിക്കലുള്ള പിക്കറ്റിംഗും മുദ്രാവാക്യം വിളികളും ധര്‍ണകളും മറ്റും ചിലപ്പോള്‍ സമാധാന ഭഞ്ജനത്തിലേക്ക് നീങ്ങുന്നുണ്ട്. തെരുവിലും ബോര്‍ഡ്മുറിയിലും ടിയു ആപ്പീസിലും കമ്പനിക്കകത്തുമൊക്കെയായി സമരത്തിന്റെ വീര്യം മാത്രമാണ് സിനിമയില്‍ നിറഞ്ഞു നില്ക്കുന്നത്. ഒത്തുതീര്‍പ്പു സംഭാഷണങ്ങളും;മുഖ്യസംഘടന, സമരത്തിനിടയില്‍വെച്ച് വഞ്ചനാപരമായി പിന്‍വാങ്ങുന്നതും; എല്ലാം യഥാതഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. കൈയിലും തോളത്തും വെച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ വെച്ചാണ് സിനിമയുടെ ബഹുഭൂരിപക്ഷം സീനുകളും ചിത്രീകരിച്ചിരിക്കുന്നത്.
മുതലാളി കാരുണ്യം വെച്ചു നീട്ടി തൊഴിലാളി നീതിക്കായ് അങ്കം വെട്ടി എന്ന ഇടശ്ശേരിയുടെ വരികളെ ഓര്‍മ്മിപ്പിക്കുന്ന സമരവീര്യവും ആത്മാഭിമാന ത്വരയുമാണ് തൊഴിലാളികള്‍ പ്രകടിപ്പിക്കുന്നത്. സ്വയം നിര്‍ണയാവകാശമില്ലാതെ അടിമകളെ പ്പോലെ ജോലി ചെയ്യേണ്ടി വരുകയും മുതലാളിക്ക് തോന്നുമ്പോള്‍ പിരിച്ചു വിടപ്പെടുകയും ചെയ്യുന്ന തൊഴിലാളിയുടെ ചൂഷിതാവസ്ഥ ലോകത്തെമ്പാടും ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുകയാണെന്ന യാഥാര്‍ത്ഥ്യമാണ് അറ്റ്‌വാറിനെ സത്യസന്ധമാക്കുന്നത്. തൊഴിലാളി സമരം പോലുള്ള വിഷയം ചര്‍ച്ചയുടെ മുഖദാവിലേക്ക് കൊണ്ടുവരുന്നതു തന്നെ ആളുകള്‍ക്കിഷ്ടപ്പെടില്ല എന്ന ബഹുഭൂരിപക്ഷം സിനിമാവിഷ്‌ക്കര്‍ത്താക്കളുടെ പൊതുധാരണയെ തകിടം മറിക്കുന്ന സിനിമയാണ് അറ്റ്‌വാര്‍.
വര്‍ഗ്ഗ ബോധം തെന്നയാണ് ധാര്‍മികബോധം എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യം ഇത്ര മികച്ച തോതില്‍ പ്രകടിപ്പിക്കപ്പെടുന്ന സിനിമ(കള്‍) അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ല. മൂലധനത്തിന്റെ താല്പര്യങ്ങളും അധ്വാനിക്കുന്ന തൊഴിലാളിയുടെ മൂല്യബോധവും തമ്മിലുള്ള വൈജാത്യവും ഇവിടെ നന്നായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ലാഭം അതും കൊടും ലാഭം മാത്രമാണ് മൂലധനത്തിന്റെ അശ്വമേധ ലക്ഷ്യങ്ങളെങ്കില്‍, മനുഷ്യത്വവും അന്തസ്സും ദാരിദ്ര്യത്തില്‍ നിന്നുള്ള വിമോചനവുമാണ് തൊഴിലാളിയുടെ മാര്‍ഗ്ഗവും ലക്ഷ്യവും.
സംഘര്‍ഷഭരിതവും തര്‍ക്കങ്ങളും ബഹളങ്ങളും കൊണ്ട് മുഖരിതവും, അവിശ്വാസവും അനിശ്ചിതത്വവും നിറഞ്ഞു നില്ക്കുന്നതുമായ ഒരന്തരീക്ഷത്തിലാണ് അറ്റ്‌വാര്‍ ആരംഭിക്കുന്നത്. ഫ്രാന്‍സിലെ അഗേനിലുള്ള ഒരു കാര്‍ ഫാക്ടറി, അതിന്റെ പുതിയ ജര്‍മന്‍ മുതലാളിമാരാണ് അടച്ചു പൂട്ടാനും തൊഴിലാളികളെ പിരിച്ചു വിടാനും തീരുമാനിക്കുന്നത്. മത്സരങ്ങളില്‍ പരാജയപ്പെടും എന്ന് മുന്‍കൂട്ടി മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ക്ക് 'ബോധ്യപ്പെട്ടതിനെ'തുടര്‍ന്നാണ് ഈ ക്രൂരനിഷ്ഠൂരമായ തീരുമാനം എടുക്കപ്പെടുന്നത്. മാനേജ്‌മെന്റിന്റെ കര്‍ക്കശസമീപനം ബോധ്യപ്പെടുന്ന യൂണിയന്‍ നേതൃത്വം ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നുണ്ട്. രണ്ടു കൊല്ലത്തേക്ക് ബോണസ് വേണ്ട, ഓവര്‍ടൈം ആവശ്യപ്പെടാതെ കൂടുതല്‍ പ്രവൃത്തി സമയം പണിയെടുത്തോളാമെന്ന ഉറപ്പ് എന്നീ ആശയങ്ങളെല്ലാം അവര്‍ മുന്നോട്ടു വെക്കുന്നുണ്ട്. പകരം അവര്‍ ആവശ്യപ്പെടുന്നത് ഒരേ ഒരാവശ്യം മാത്രം. തങ്ങളെ പിരിച്ചു വിടരുത്. അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും കമ്പനി അടച്ചു പൂട്ടരുത്. അതെല്ലാം ജര്‍മനിയിലുള്ള കോര്‍പ്പറേറ്റ് ആപ്പീസാണ് തീരുമാനിക്കുന്നത്, കമ്പോളത്തിന്റെ നിയമങ്ങള്‍ നമുക്ക് അവഗണിക്കാനാവുമോ തുടങ്ങിയ മിനുസപ്പെടുത്തിയവാദങ്ങളാണ് മാനേജ്‌മെന്റ് മുന്നോട്ടു വെക്കുന്നത്.
തൊഴിലാളികള്‍ നിവൃത്തിയില്ലാതെ പണിമുടക്ക് സമരത്തിലേക്ക് എടുത്തു ചാടുന്നു. ആദ്യഘട്ടത്തില്‍ വിവിധ യൂണിയനുകള്‍ തമ്മില്‍ തികഞ്ഞ ധാരണയിലും ഐക്യത്തിലും ആണ് സമരം മുന്നോട്ടു പോവുന്നത്. പക്വതയുള്ള നേതൃത്വവും ജനാധിപത്യത്തിലും സോഷ്യലിസത്തിലും അവര്‍ക്കുള്ള വിശ്വാസവും എല്ലാം ഈ ഘട്ടത്തില്‍ നമുക്ക് തിരിച്ചറിയാനാവും. ആഴ്ചകള്‍ നീണ്ടു പോയിട്ടും മാനേജ്‌മെന്റ് സമരം കണ്ടില്ലെന്നു നടിക്കുന്നു. അതിനിടയില്‍ സംഘടനകള്‍ തമ്മിലുള്ള ഐക്യം ശിഥിലീകരിക്കപ്പടുകയും കാര്യങ്ങള്‍ കൈവിട്ടു പോകുകയും ചെയ്യുന്നു. പ്രായോഗികതയും ആദര്‍ശവും തമ്മിലും, ദീര്‍ഘകാലത്തേക്ക് ഗുണംചെയ്യുന്ന പരിഹാര നിര്‍ദ്ദേശങ്ങളും ഉടനടിയുള്ള ഗുണ ലബ്ധിയും തമ്മിലും വൈരുദ്ധ്യം മൂര്‍ച്ഛിക്കുകയും ഒരുവിഭാഗം സമരം നിര്‍ത്തിവെക്കുകയും ചെയ്യുന്നു. സമരം തുടരുന്ന വിഭാഗത്തിന്റെ നേതാവാണ് ലോറന്റ്(ലിന്ഡ). ആദര്‍ശവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പിളര്‍പ്പ് രൂക്ഷമാകുന്നു. ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ പ്രയാസപ്പെടുന്ന അമെദിയോ ജര്‍മനിയിലുള്ള കോര്‍പ്പറേറ്റ് ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ തെരുവില്‍ പെട്രോളൊഴിച്ച് ആത്മാഹുതി ചെയ്യുന്നു. നവ ലിബറല്‍ പരിഷ്‌കാരങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും തമ്മില്‍ ആരംഭിക്കപ്പെടുന്ന ഏറ്റുമുട്ടല്‍, കാഴ്ച്ചപ്പാടുകളിലുള്ള വൈരുദ്ധ്യങ്ങളെ മാത്രമല്ല അടിസ്ഥാനപ്പെടുന്നത്. സമരം വിജയിപ്പിക്കാന്‍ സമരക്കാര്‍ക്കിടയില്‍ അവരുടെ മുമ്പില്‍ നിന്ന്് പട നയിക്കുന്ന തരത്തിലുള്ള നേതാവാണ് അമെദിയോ. അതുകൊണ്ടു തന്നെ അയാളുടെ ആത്മഹത്യ, സമരപരാജയത്തെയല്ല ദ്യോതിപ്പിക്കുത്. മറിച്ച്, സ്വന്തം ശരീരത്തെ മരണത്തിന് വിട്ടു കൊടുത്തു കൊണ്ട് വ്യവസ്ഥയുടെ നാരകീയത വെളിപ്പെടുത്തുകയാണദ്ദേഹം ചെയ്യുന്നത്.(കടപ്പാട്: എഫ്ബി)