സൗഹൃദങ്ങളുടെ കരുത്തില്‍ ലുക്ക്മാന്‍; ഉണ്ടയില്‍ മനസ്സ് തൊട്ട പ്രകടനം
എഞ്ചിനീയറായ ലുക്ക്മാന്റെ ജീവിതം സൗഹൃദങ്ങളുടെ കരുത്തിലാണ് സിനിമയിലെത്തിയത്.മലബാറിന്റെ സിനിമാ ഗ്യാങ്ങായ അഷറഫ് ഹംസ, മുഹ്‌സിന്‍ പരാരി, സകരിയ്യ ,ഹര്‍ഷദ് തുടങ്ങിയവരുമായുള്ള സൗഹൃദമാണ് ലുക്ക് മാനിലെ സിനിമാ നടനെ സമ്മാനിച്ചത്.
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍-
മമ്മൂട്ടി നായകനായ ഉണ്ടയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പോലിസ് ഓഫിസറായ ബിജുകുമാര്‍. സഹപ്രവര്‍ത്തകരില്‍ നിന്ന് ജാതീയമായ വിവേചനങ്ങള്‍ നേരിട്ട് ഒടുവില്‍ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ പരിച്ഛേദമായ കഥാപാത്രം.
'ഇവിടുന്ന് ജീവനോടെ നാട്ടിലെത്താന്‍ പറ്റിയാല്‍ പിന്നെ ഞാനി ജോലിക്ക് കാണില്ല.. ഞാന്‍ ജോലി നിര്‍ത്തി പോകുവാ' എന്ന് പറയുമ്പോള്‍ പ്രേക്ഷകരുടെ കണ്ണ് നിറയിപ്പിക്കുക മാത്രമല്ല ഞെട്ടലോടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുമ്പോഴുള്ള വേദനകൂടി നമുക്ക് ബോധ്യപ്പെടും.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശി ലുക്ക്മാനാണ് ഈ വേഷം ഏറ്റവും മികച്ചതാക്കി പ്രേക്ഷകരുടെ ഒന്നടങ്കം കൈയ്യടി നേടിയത്. ഉണ്ടയില്‍ പോലിസ് ഉദ്യോസ്ഥരായി വന്ന എട്ട് പേരും എടുത്ത് പറയേണ്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം ലുക്മാന്റെതാണെന്ന് നിരൂപകര്‍ ഒന്നടങ്കം പറയുന്നു. മലയാള സിനിമയിലെ മികച്ച ഭാവി വാഗ്ദാനമാണ് താനെന്ന് ലുക്ക്മാന്‍ ഉണ്ടയിലൂടെ തെളിയിച്ചുകഴിഞ്ഞു.
ഉണ്ടയുടെ കഥാകൃത്തായ ഹര്‍ഷദ് ആദ്യമായി സംവിധാനം ചെയ്ത 'ദായോം പന്ത്രണ്ടും' എന്ന സിനിമയിലെ മുഖ്യവേഷത്തിലൂടെയാണ് ലുക്ക്മാന്‍ സിനിമയിലെത്തുന്നത്. ലുക്ക്മാന്റെ പ്രതിഭ തെളിയിക്കുന്ന പ്രകടനമായിരുന്നു അത്.
എഞ്ചിനീയറായ ലുക്ക്മാന്റെ ജീവിതം സൗഹൃദങ്ങളുടെ കരുത്തിലാണ് സിനിമയിലെത്തിയത്.മലബാറിന്റെ സിനിമാ ഗ്യാങ്ങായ അഷറഫ് ഹംസ, മുഹ്‌സിന്‍ പരാരി, സകരിയ്യ ,ഹര്‍ഷദ് തുടങ്ങിയവരുമായുള്ള സൗഹൃദമാണ് ലുക്ക് മാനിലെ സിനിമാ നടനെ സമ്മാനിച്ചത്.
2014 ലാണ് ലുക്ക്മാന്‍ സപ്തമ.ശ്രീ.തസ്‌ക്കരാ എന്ന ആദ്യ മുഖ്യധാര സിനിമയില്‍ അഭിനയിക്കുന്നത്. അതും ചെറിയൊരു റോളില്‍.2015ല്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്തു. മലപ്പുറത്തെ ഫുട്‌ബോള്‍ ഭ്രാന്തിന്റെ കഥ പറഞ്ഞ KL 10 എന്ന സിനിമയിലും ലുക്ക്മാന്‍ എത്തി. പിന്നീട് സ്‌റ്റൈല്‍,വള്ളീം തെറ്റി പുള്ളീം തെറ്റി ,പോപ്പ്‌കോണ്‍, ദുല്‍ഖര്‍ നായകനായ കലി, ഗോദ , c/oസൈറ ബാനു, ഹദിയ , എന്നി സിനിമകളില്‍ ചെറിയൊരു വേഷം ചെയ്തു. ഈയടുത്തിറങ്ങിയ വൈറസില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ലുക്കുവിനെ തേടിയെത്തിയത്. റിലീസാവാനിരിക്കുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫലി നായകനായ സിനിമയിലും ഈ യുവാവിന് മികച്ച വേഷമുണ്ട്.
2017ല്‍ സുഡാനി ഫ്രം നൈജീരിയയിലെ രാജേഷ് എന്ന കഥാപാത്രമാണ് ലുക്ക്മാനെ സിനിമാമേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയത്.ഇപ്പോഴിതാ ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം ആദ്യവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായി ലുക്ക്മാന്‍ പേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചുപറ്റിയിരിക്കുന്നു.സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരു നൊമ്പരമായി നമ്മുടെ മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കും ബിജുകുമാര്‍ എന്ന ആദിവാസി സിവില്‍ പോലിസ് ഓഫിസറുടെ കഥാപാത്രം.