'ഹിറ്റുണ്ട' റിയലിസ്റ്റിക് പോലിസ് ജീവിതവുമായി മമ്മൂട്ടിയുടെ ഉണ്ട

കേരളാ പോലിസിന്റെ ഇടുക്കി ക്യാംപിലെ ഒരു സംഘം പോലിസുകാര്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എസ്‌ഐ മണികണ്ഠന്റെ നേതൃത്വത്തില്‍ മാവോയിസ്‌റ് ഭീഷണി നിലനില്‍ക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്നതാണ് ഈ ചിത്രത്തിന്റെ കഥാ തന്തു. നവാഗതനായ ഹര്‍ഷദ് തിരക്കഥ രചിച്ച ഈ ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്.

Update: 2019-06-14 13:54 GMT


-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

'ഒരു ഉണ്ടയുമില്ല അണ്ടിയുമില്ല. നമ്മുടെ ജീവന്‍ നാം തന്നെ കാക്കണം'

എസ്‌ഐ മണി. മമ്മൂട്ടിയുടെ എസ്‌ഐ കഥാപാത്രം ഏറെ നിസ്സഹായനായി പറയുന്ന ഡയലോഗാണിത്. നമ്മുടെ പോലിസ് ജീവിതത്തിന്റെ റിയലിസ്റ്റിക്ക് അംശം ഇതിലും മനോഹരമായി അടയാളപ്പെടുത്തുന്ന മറ്റൊരു സിനിമയില്ല. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മമ്മൂട്ടി നായകനായ ഉണ്ട.


കേരളാ പോലിസിന്റെ ഇടുക്കി ക്യാംപിലെ ഒരു സംഘം പോലിസുകാര്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എസ്‌ഐ മണികണ്ഠന്റെ നേതൃത്വത്തില്‍ മാവോയിസ്‌റ് ഭീഷണി നിലനില്‍ക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്നതാണ് ഈ ചിത്രത്തിന്റെ കഥാ തന്തു. നവാഗതനായ ഹര്‍ഷദ് തിരക്കഥ രചിച്ച ഈ ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്.

മാവോയിസ്റ്റ് മേഖലയിലേക്ക് തിരഞ്ഞെടുപ്പിന് സുരക്ഷാ ജോലിക്ക് പോകുന്ന കേരള പോലിസിന്റെ ദൈന്യത വളരെ റിയലിസ്റ്റാക്കായി ഉണ്ട എന്ന സിനിമ നമുക്ക് കാണിച്ചുതരുന്നു.

ഇതൊരു മമ്മൂട്ടി എന്ന താരത്തിന്റെ ചിത്രമല്ല. അമാനുഷികനല്ലാത്ത എസ്‌ഐയാണ് മമ്മൂട്ടിയുടെ കഥാപാത്രം. പേടിയും ഭീരുത്വവും ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് പ്രചോദനവും ധൈര്യവും നല്‍കുന്ന കേരളത്തിലെ സാദാ ഒരു എസ്‌ഐ. അയാള്‍ ഒരു കള്ളനെപ്പോലും പിടിച്ചിട്ടില്ല. നേരാംവണ്ണം വെടിവെക്കാനറിയില്ല. പോലിസ് സ്‌റ്റേഷന്‍ ഇഷ്ടപ്പെടാത്തതിനാല്‍ ക്യാംപില്‍ കഴിയുന്ന ഒരു പോലിസുകാരന്‍.വെടിവെപ്പുണ്ടാവുമ്പോള്‍ പേടിച്ച് തളര്‍ന്നുപോകുന്ന ഒരു മമ്മൂട്ടിയന്‍ പോലിസ് നല്ല അനുഭവമായിരുന്നു.

ഇതില്‍ രാഷ്ട്രീയമുണ്ട്, വെള്ളത്തിനുവേണ്ടി മണ്ണിന് വേണ്ടി പോരാടുന്ന ആദിവാസികളുടെ ജീവിതമുണ്ട്. ഈയടുത്ത കാലത്ത് ഇത്രയും മനോഹരമായി ആദിവാസികളുടെ സ്വത്വത്തെക്കുറിച്ച് യാഥാര്‍ത്ഥ്യത്തോടെ സംസാരിച്ച മറ്റൊരു സിനിമ കണ്ടിട്ടില്ല.


ചിലരെ ഭരണകൂടം മാവോയിസ്റ്റാക്കി വെടിവെച്ചു കൊല്ലുന്നു. ഗ്രാമീണരെ മാവോയിസ്റ്റുകള്‍ സര്‍ക്കാറിന്റെ ഏജന്റാക്കി കൊന്നു കളയുന്നു. ആദിവാസികളോടുള്ള നമ്മുടെ ഇടപെടലുകള്‍ എങ്ങനെയെന്ന് ഈ ചിത്രം ഓര്‍മിപ്പിക്കുന്നു. നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നത് മാവോയിസ്റ്റുകളല്ല നിയമം കൈയ്യിലെടുക്കുന്ന രാഷ്ട്രീയക്കാര്‍തന്നെയാണെന്ന സത്യം 'ഉണ്ട' വിളിച്ചു പറയുന്നു.

മൂവി മില്‍സിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍, ജമിനി സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, രഞ്ജിത്, കലാഭവന്‍ ഷാജോണ്‍, ഭഗവാന്‍ തിവാരി, റോണി, ദിലീഷ് പോത്തന്‍, ലുക്മാന്‍ എന്നിവരും ഇതില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രശാന്ത് പിള്ളൈ ഒരുക്കിയ സംഗീതം തുടക്കം മുതലേ പ്രേക്ഷകരെ ചിത്രത്തോട് ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. അതുപോലെ തന്നെ സജിത്ത് പുരുഷന്‍ ഒരുക്കിയ ദൃശ്യങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു

ഖാലിദ് റഹ്മാന്‍ എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ,മികച്ച തിരക്കഥയുള്ള,മിഴിവാര്‍ന്ന ഛായാഗ്രഹണ മികവുള്ള ,കൊതിപ്പിക്കുന്ന പശ്ചാത്തല സംഗീതമുള്ള നല്ലൊരു ചിത്രം. എല്ലാംകൊണ്ടും ഒരു 'ഹിറ്റുണ്ട' തന്നേയാണ് മമ്മൂട്ടിയുടെ ഉണ്ട.

Tags:    

Similar News