കാലത്തിന് നേരേ പിടിച്ച ഭൂതക്കണ്ണാടികള്‍; നൊമ്പരങ്ങളെ തീക്ഷ്ണത ചോരാതെ അഭ്രപാളിയിലെത്തിച്ച സിനിമാക്കാരന്‍
ലോഹിതദാസ് ഇല്ലാത്ത 13 വര്‍ഷങ്ങള്‍
ആഷിക്ക് ഒറ്റപ്പാലം
മലയാളിക്ക് ദൃശ്യാനുഭൂതിയുടെ പുതിയ തലങ്ങള്‍ തീക്ഷ്ണത ചോരാതെ സ്‌ക്രീനിലെത്തിച്ച അതുല്യ പ്രതിഭയായിരുന്നു ലോഹിതദാസ്. നീണ്ട സര്‍ഗസപര്യയുടെ നിവേദ്യമായ, ആത്മനൊമ്പരത്തിന്റെ നെരിപ്പോടുകളില്‍ നിന്ന് ഊതിക്കാച്ചിയെടുത്ത കഥകള്‍ പറഞ്ഞ് ലക്കിടി അകലൂര്‍ അമരാവതിയിലെ തൊടിയില്‍ എരിഞ്ഞടങ്ങിയ ഈ അതുല്യ പ്രതിഭയുടെ തൂലികയില്‍ നിന്ന് പിറവിയെടുത്ത കഥപാത്രങ്ങളെ മാറ്റിനിര്‍ത്തി മലയാള സിനിമയെ നിര്‍വചിക്കാനാകില്ല. അതുതന്നെയാണ് ലോഹിതദാസ് എന്ന കലാകാരനെ വ്യത്യസ്തനാക്കുന്നതും.
വള്ളുവനാടന്‍ ഗ്രാമങ്ങളോടും ആ ഗ്രാമത്തിലെ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശവുമുണ്ടായിരുന്നു എകെ ലോഹിതദാസിന്. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. സല്ലാപത്തിലും വാത്സല്യത്തിലും തൂവല്‍ക്കൊട്ടാരത്തിലും അരയന്നങ്ങളുടെ വീടിലുമെല്ലാം വള്ളുവനാടിന്റെ ഗ്രാമീണജീവിതമാണുള്ളത്. നീണ്ടുകിടക്കുന്ന തീവണ്ടിപ്പാളവും പരന്നുകിടക്കുന്ന നെല്‍പ്പാടവും പാവാടക്കാരി പെണ്‍കുട്ടിയും പനയും ചെത്തുകാരും ഷാപ്പും അമ്പലവും അമ്പലക്കമ്മിറ്റിക്കാരുമെല്ലാം നിറഞ്ഞ 'സല്ലാപം' ലോഹിയുടെ മനസ്സിലെ വള്ളുവനാടിന്റെ പൂര്‍ണതയാണ്. ലോഹിയില്ലാത്ത അമരവാതി ഒറ്റപ്പാലത്തുക്കാരുടെ തീരാ നഷ്ടമാണ്.
1987ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തനം' എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് ലോഹിതദാസ് മലയാള സിനിമാ രംഗത്തേക്കെത്തുന്നത്. 1997ല്‍ ഭൂതക്കണ്ണാടി എന്ന ചിത്രം സംവിധാനം ചെയ്ത് സംവിധാന രംഗത്തേക്കെത്തി.
24 വര്‍ഷത്തെ കലാജീവിതത്തില്‍ 47 തിരക്കഥകള്‍ എഴുതി. ഇതില്‍ 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ആറുതവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലോഹിതദാസിനെ തേടിയെത്തി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിര്‍മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചു.
ഒറ്റപ്പാലത്തെ അകലൂരിലുള്ള ലോഹിതദാസിന്റെ അമരാവതിയില്‍ എഴുതി പൂര്‍ത്തിയാകാത്ത കഥകള്‍, വായിക്കാത്ത പുസ്തകങ്ങള്‍ അങ്ങിനെ പലതും ബാക്കിവച്ചാണ് 13 വര്‍ഷം മുന്‍പ് വിടവാങ്ങിയത്.
നിളാതീരത്തെ പ്രണയിച്ച ലോഹി ആധാരം എന്ന സിനിമയുടെ കഥയുമായാണ് വള്ളുവനാട്ടിലെത്തുന്നത്. കിരീടം, വാത്സല്യം, സസ്‌നേഹം, കുടുംബപുരാണം, ധനം, ദശരഥം, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ സ്‌നേഹ ബന്ധങ്ങളുടെ നിരവധി കഥകള്‍ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. സിബിമലയില്‍ -ലോഹിതദാസ് കൂട്ടുകെട്ടില്‍ 14 ചിത്രങ്ങളാണ് പിറവികൊണ്ടത്.