കോഴിക്കോട്: ഖവാലി സംഗീതത്തിന്റെ മാസ്മരികതയില്‍ അലിഞ്ഞുചേര്‍ന്ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയര്‍. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായാണ് ഖവാലി നൈറ്റ് നടത്തിയത്. ഖവാലി സംഗീതരംഗത്തെ യുവ വാഗ്ദാനങ്ങളായ ഇര്‍ഫാന്‍ ഈറോത്ത്, ജാവേദ് അസ്‌ലം എന്നിവര്‍ നയിച്ച മെഹ്ഫിലെ സമ സായാഹ്‌ന സന്ദര്‍ശകരെ സൂഫി സംഗീതത്തിന്റെ വിഹായസ്സിലേക്ക് നയിച്ചു.
ഉസ്താദ് മുനവ്വര്‍ മസൂദിന്റെ ബിസ്മില്ലാഹ്..., എ ആര്‍ റഹ്മാന്റെ ഖ്വാജാ മേരാ ഖ്വാജാ..., ഉസ്താദ് നുസ്രത്ത് ഫത്തഹ് അലി ഖാന്റെ തൂ കുജാ മന്‍ കുജാ... തുടങ്ങിയ ഒട്ടേറെ വരികളാണ് ആസ്വാദകഹൃദയം കീഴടക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ആദ്യാവസാനം ഖവാലി രാവ് ആസ്വദിക്കാനെത്തിയത്. ഇര്‍ഫാന്‍ ഈറോത്തിന്റെയും മറ്റു കലാകാരന്‍മാരുടെയും ഗാനങ്ങള്‍ക്ക് ജാവേദ് അസ്‌ലമാണ് ഹാര്‍മോണിയം നല്‍കിയത്.
ഒരു കലാകാരി ഉള്‍പ്പെടെ 9 പേരാണ് വേദിയെ സമ്പന്നമാക്കിയത്. ആസ്വാദകര്‍ ആവശ്യപ്പെട്ട ഗാനങ്ങളും ആലപിച്ചപ്പോള്‍ കൈയടികളോടെയും ഏറ്റുപാടിയുമാണ് സദസ്സ് പരിപാടിയെ ഏറ്റെടുത്തത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി വൈകീട്ട് മാധ്യമം ഇന്നിന്റെ വര്‍ത്തമാനത്തില്‍ എന്ന പ്രമേയത്തില്‍ മാധ്യമ സെമിനാറും സംഘടിപ്പിച്ചിരുന്നു.