ഡോ. സി കെ അബ്ദുല്ല
തണലേകിയിരുന്നവരുടെ വിയോഗം, വിദൂരബന്ധുക്കളുടെ അപ്രതീക്ഷിത തിരസ്‌കരണം, ഇല്ലാതാക്കുവാന്‍ ഗൂഢപദ്ധതികള്‍.. ചുറ്റും പ്രതിസന്ധികളുമായി മുന്നോട്ടു പോവുമ്പോഴാണ് മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് തിരുദൂതരെ അല്ലാഹു കൊണ്ടുപോയ ദിവ്യയാത്ര.
വിശുദ്ധ കഅബ ഉള്‍കൊള്ളുന്ന മസ്ജിദുല്‍ ഹറാമാണ് ഭൂമിയിലെ ആദ്യ ദൈവിക ഭവനമെന്നു ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നു (ഖു 3:96). രണ്ടാമത്തേത് അല്‍അഖ്‌സയാണെന്നും രണ്ടിനുമിനിടക്ക് 40 വര്‍ഷത്തെ കാലയളവാണെന്നും തിരുദൂതരുടെ പരാമര്‍ശങ്ങളുണ്ട്. തൊട്ടുമുമ്പ് വന്ന ദൈവദൂതന്‍ ഈസ(അ) അടക്കം ഒട്ടേറെ പ്രവാചകരുടെ പ്രവര്‍ത്തനകേന്ദ്രം കൂടിയായ അല്‍അഖ്‌സയിലേക്ക് ദൂതരെ കൊണ്ടുപോയ ദിവ്യയാത്രയുടെ പ്രാധാന്യവും മസ്ജിദുല്‍ അഖ്‌സയില്‍ വച്ച് തിരുദൂതര്‍ക്ക് ലഭിച്ച നേതൃപരമായ ബഹുമതിയും സംബന്ധിച്ച് ശ്രദ്ധേയമായ പല നിരീക്ഷണങ്ങളുമുണ്ട്.
'നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ദാസന് കാണിച്ചുകൊടുക്കുവാനാണ്' മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് രാത്രിസഞ്ചാരം ചെയ്തതെന്ന വിളംബരം (ഖു 17:1) ശ്രദ്ധേയമാണ്. എന്തൊക്കെയായിരുന്നു ആ ദൃഷ്ടാന്തങ്ങളെന്ന് വിവരിക്കുവാന്‍ ഒരു കുറിപ്പൊന്നും മതിയാവില്ല. ഇസ്‌ലാമിക ദൗത്യനിര്‍വ്വഹണത്തിന്റെ പ്രവിശാലത കാണിച്ചുകൊടുത്തത് അതിലൊരു ദൃഷ്ടാന്തമായിരിക്കാം. ആ ദിവ്യയാത്ര കഴിഞ്ഞു തിരിച്ചുവന്ന ശേഷമായിരുന്നു തിരുദൂതര്‍ ഹിജ്‌റയുടെ ലക്ഷ്യകേന്ദ്രം തകൃതിയായി അന്വേഷിച്ച്, ലൗകികമായ ഉപാധികള്‍ വച്ചവരെ തിരസ്‌കരിച്ചു, സ്വര്‍ഗം മാത്രം പ്രതിഫലം ചോദിച്ച യഥ്‌രിബുകാരെ അംഗീകരിച്ചതും അവിടേക്ക് പലായനം ചെയ്തതും.
ദൗത്യനിര്‍വഹണത്തിന്റെ തുടക്കത്തില്‍ മക്കയിലെ പീഡനങ്ങളില്‍ നിന്ന് ശമനം തേടി ദൂതരുടെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു വന്ന ഖബ്ബാബിനോട് സന്‍ആ മുതല്‍ ഹദര്‍മൗത് വരെയുള്ള വിജനമരുഭൂവിലൂടെ നിര്‍ഭയനായി യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്വാതന്ത്ര്യ സ്വപ്നമാണ് കൊടുക്കുന്നത്. ഹിജ്‌റ വേളയില്‍, ഖുറൈശികളുടെ നൂറൊട്ടകം മോഹിച്ചു തിരുദൂതരെ പിടികൂടാന്‍ വന്നു പരാജിതനായി തിരിച്ചുപോവുന്ന സുറാഖക്ക് ദൂതര്‍ നല്‍കുന്നത് പേര്‍ഷ്യയിലെ കിസ്‌റാ ചക്രവര്‍ത്തിയുടെ രാജകീയ വളകള്‍ കയ്യിലണിയുന്ന സ്വപ്നമാണ്. അന്നത്തെ രണ്ട് വന്‍സാമ്രാജ്യങ്ങളില്‍ ഒന്നിന്റെ അധിപനായിരുന്ന ചക്രവര്‍ത്തിയുടെ രാജകീയ അടയാളങ്ങള്‍ വെറും സാധാരണ ബദവി അറബിയുടെ കയ്യിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന വിമോചന കാഴ്ചപ്പാട് അഖ്‌സയിലേക്കുള്ള യാത്രയില്‍ നിന്ന് കിട്ടിയ മറ്റൊരു തിരിച്ചറിവായിരിക്കാം.
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റ ഇസ്‌ലാമിക നാഗരികതയുടെ വ്യാപനത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്നുണ്ട് പ്രമുഖ ഇസ്‌ലാമിക ചിന്തകന്‍ മുസ്തഫ അല്‍സിബാഇ: 'ഹിജ്‌റ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഡമാസ്‌കസ്, ബാഗ്ദാദ്, കൊര്‍ദോവ തുടങ്ങിയ നാഗരികതയുടെ കേന്ദ്രങ്ങള്‍ ഉണ്ടാവുമായിരുന്നില്ല; ഹിജ്‌റ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അറബികളുടെ ശാശ്വത ചരിത്രം ഉണ്ടാവുമായിരുന്നില്ല; ഹിജ്‌റ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പടിഞ്ഞാറ് അതിന്റെ ദീര്‍ഘനിദ്രയില്‍ നിന്ന് ഉണരുമായിരുന്നില്ല' (ഹാകദാ അല്ലമത്‌നീ അല്‍ഹയാത്). അറേബ്യയുടെ പുറത്തേക്ക് ഇസ്‌ലാമിക നാഗരികതയുടെ പ്രയാണം ആദ്യം എത്തുന്നത് അഖ്‌സയുടെ അനുഗ്രഹീത ഭൂമിയിലായിരുന്നു. അതിനു തുടക്കമിട്ടാണ് തിരുദൂതര്‍ വിടവാങ്ങുന്നത്.
മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് യാത്ര ചെയ്തു തിരിച്ചുവന്ന ദൂതര്‍ ഹിജ്‌റ ചെയ്തുവന്ന യഥ്‌രിബില്‍ മസ്ജിദ് നിര്‍മിച്ചു കൊണ്ടാണ് മദീനക്ക് (നാഗരികത) തുടക്കം കുറിക്കുന്നത്. നാഗരികതയുടെ പ്രയാണങ്ങള്‍ നയിച്ച ഇസ്‌ലാമിക നേതൃത്വങ്ങള്‍ മസ്ജിദുകളുടെ ഈ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് നിലനില്പിന്റെയും അന്തസ്സിന്റെയും പ്രതീകങ്ങളായി മസ്ജിദുകള്‍ നിര്‍മിച്ചു നിലനിര്‍ത്തിയത്. ഇസ് ലാം പടിക്കാര്‍ മസ്ജിദുകളില്‍ തന്നെ കൈവെക്കുന്നതും അതേ കാരണം കൊണ്ടുതന്നെയല്ലേ?
ഒരുഭാഗത്ത് ഫാഷിസം മസ്ജിദുകള്‍ കയ്യേറുകയും വേറൊരു ഭാഗത്ത് നഗരവിസ്തൃതിയുടെയും മറ്റും ന്യായം പറഞ്ഞു അതീവ ലാഘവത്തോടെ ഭരണകൂടങ്ങള്‍ മസ്ജിദുകള്‍ തകര്‍ക്കുകയും ചെയ്യുന്നത് ഞെട്ടലില്ലാത്ത വാര്‍ത്തകളായിക്കൊണ്ടിരിക്കുന്നതാണ് ഹിജ്‌റ അനുസ്മരിക്കുന്ന നമ്മുടെ ദുര്‍ബല വര്‍ത്തമാനം.
രാത്രി യാത്രയുടെ വിളംബരവുമായി ആരംഭിക്കുന്ന ഖുര്‍ആനിക അധ്യായത്തില്‍ വിശ്വാസികളെ നാടുകളില്‍ നിന്ന് പുറത്താക്കുവാന്‍ ശ്രമിക്കുന്നവരുടെ നീക്കങ്ങളെക്കുറിച്ചു അല്ലാഹു ഉണര്‍ത്തുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ആ വചനങ്ങള്‍ സംബോധന ചെയ്യുന്നത് നമ്മെയാണ് എന്ന വിചാരത്തോടെ നമ്മുടെ സാഹചര്യങ്ങളോട് ചേര്‍ത്ത് വായിക്കുക.
'ഈ നാട്ടില്‍ നിന്ന് നിന്റെ കാലടികള്‍ ഇളക്കിയെടുത്ത് നിന്നെ ഇവിടെനിന്ന് പുറത്താക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അഥവാ അവരങ്ങനെ ചെയ്താല്‍ നിനക്കുശേഷം അധികകാലമൊന്നും അവരവിടെ വാഴാന്‍ പോകുന്നില്ല. നിനക്കു മുമ്പ് നാം അയച്ചിട്ടുള്ള ദൂതരുടെ കാര്യത്തിലും അനുവര്‍ത്തിച്ചിട്ടുള്ള നമ്മുടെ നടപടിക്രമമാണിത്. നമ്മുടെ നടപടിയില്‍ ഒരു മാറ്റവും നീ കാണുകയില്ല.' (ഖു 17: 76-77).