പരീക്ഷണങ്ങളില്‍ കാലിടറാതെ ലത്തീഫ്; ഹജ്ജിനായി നാളെ വിശുദ്ധമണ്ണിലേക്ക്

അഞ്ചാം വയസ്സില്‍ അസുഖം കാരണം വലതു കാല്‍ പൂര്‍ണമായി നഷ്ടമായെങ്കിലും ഉറച്ച മനോധൈര്യവുമായി ജീവിതത്തിന്റെ പലഘട്ടങ്ങളും തരണം ചെയ്ത് മുപ്പത്തിയെട്ട് വയസ്സിലെത്തി. ഇപ്പോള്‍ തികഞ്ഞ ആത്മ വിശ്വാസവുമായി ഹജ്ജിനു പുറപ്പെടുകയാണ്. നാളെ രാത്രിയോടെ ലത്തീഫ് വിശുദ്ധ ഭൂമിയില്‍ പറന്നിറങ്ങുമ്പോള്‍ ജീവിതത്തിലെ നീണ്ട ആഗ്രഹമാണ് സഫലമാവുന്നത്

Update: 2022-06-04 13:44 GMT

കൊച്ചി: ജീവിതത്തിന്റെ തീക്ഷ്ണമായ പരീക്ഷണങ്ങളില്‍ കാലിടറാതെ ഉറച്ച കരളുറപ്പുമായി മലപ്പുറം കൊളത്തൂര്‍ പറമ്പില്‍ പീടിയേക്കല്‍ അബ്ദുല്‍ ലത്തീഫ് (38) നാളെ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെടും. അഞ്ചാം വയസ്സില്‍ അസുഖം കാരണം വലതു കാല്‍ പൂര്‍ണമായി നഷ്ടമായെങ്കിലും ഉറച്ച മനോധൈര്യവുമായി ജീവിതത്തിന്റെ പലഘട്ടങ്ങളും തരണം ചെയ്ത് മുപ്പത്തിയെട്ട് വയസ്സിലെത്തി. ഇപ്പോള്‍ തികഞ്ഞ ആത്മ വിശ്വാസവുമായി ഹജ്ജിനു പുറപ്പെടുകയാണ്. നാളെ രാത്രിയോടെ ലത്തീഫ് വിശുദ്ധ ഭൂമിയില്‍ പറന്നിറങ്ങുമ്പോള്‍ ജീവിതത്തിലെ നീണ്ട ആഗ്രഹമാണ് സഫലമാവുന്നത്.

പുലാമന്തോളിലെ ഹോമിയോ ഡിസ്പന്‍സറിയിലെ താല്‍ക്കാലിക ജീവനക്കാരനായ അബ്ദുലത്തീഫ് ലഭിക്കുന്ന വേതനത്തില്‍ നിന്നും ദൈനംദിന ചെലവുകള്‍ കിഴിച്ച് ഒരുമിച്ചു കൂട്ടിയ സംഖ്യയും കൂടെ സഹോദരന്മാരുടെ സഹായത്താലുമാണ് ഹജ്ജിനുള്ള സംഖ്യ കണ്ടെത്തിയത്.

ശാരീരിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും തനിച്ചുള്ള യാത്രയില്‍ സഹായത്തിനുള്ള വഴികള്‍ നാഥന്‍ കാണിച്ചു നല്‍കുമെന്ന ആത്മ വിശ്വാസത്തിലാണ് അബ്ദുല്‍ ലത്തീഫ്. അതിനുള്ള പ്രാര്‍ത്ഥനാ വാക്കുകളാണ് എപ്പോഴും അവരുടെ അധരങ്ങളില്‍.

അവസാന വര്‍ഷം ഹജ്ജിനു അപേക്ഷിച്ചിരുന്നെങ്കിലും കൊവിഡ് കാരണം യാത്ര നടന്നില്ല. ഈ വര്‍ഷം വീണ്ടും അപേക്ഷിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ അവസരവും ലഭിച്ചു. നാട്ടിലെ സാമൂഹിക, സാംസ്‌കാരിക, സേവന രംഗത്ത് സജീവ സാന്നിധ്യമായ അബ്ദുല്‍ ലത്തീഫ് കൊവിഡ് കാലയളവില്‍ സേവന രംഗത്ത് സജീവമായിരുന്നു. നാട്ടുകാരുടെ മനസ്സിലെ ഇഷ്ടമുഖം കൂടിയാണ് ഭിന്നശേഷിക്കാരനായ ലത്തീഫ്. കൊളത്തൂറിലെ പരേതനായ രായിന്‍ ഹാജിയുടേയും പാത്തുമ്മയുടേയും മകനാണ് അബ്ദുല്‍ ലത്തീഫ്. ഭാര്യ: സുഹറ കൊളത്തൂര്‍.

Tags:    

Similar News