നൂറ്റാണ്ടുകളായി നാടകത്തെ നെഞ്ചോട് ചേര്‍ത്ത് ഒരു കുടുംബം
1885 ല്‍ വനരാസ ഗോവിന്ദ റാവു ആണ് ഈ ട്രൂപ്പ് സ്ഥാപിക്കുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് നിഴല്‍പാവക്കൂത്തിനാണ് ആദ്യകാലങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കിലും പിന്നീട് സംഗീതനാടകങ്ങളിലേക്കും നാടകങ്ങളിലേക്കും ചുവടുമാറ്റുകയായിരുന്നു.
കോഴിക്കോട്: തിരശ്ശീല ഉയര്‍ന്നു, പുരാണകഥാപാത്രങ്ങള്‍ അണിനിരന്നു, ചിലര്‍ സ്‌റ്റേജിന് പിന്നില്‍ ഊഴം കാത്തുനില്‍ക്കുമ്പോഴും വീട്ടുജോലികളില്‍ വ്യാപൃതരായി. ഇത് ഹൈദരാബാദിലെ സുരഭി തിയറ്റര്‍ കമ്പനി. അച്ഛന്‍, അമ്മ, മക്കള്‍, അമ്മാവന്‍, അമ്മായി, പേരക്കുട്ടികള്‍ തുടങ്ങി 63 ഓളം അംഗങ്ങളുണ്ട് ഈ കുടുംബത്തില്‍.
എന്നാല്‍, തട്ടകത്തിലേക്ക് കയറിയാല്‍ ബന്ധുക്കളില്ല, രാമന്‍, സീത, ഹനുമാന്‍ തുടങ്ങി അനേകം പുരാണകഥാപാത്രങ്ങളായി ഇവര്‍ പരിണമിക്കും. അന്ന് വേഷമണിയാത്തവര്‍ വീട്ടുജോലികള്‍ നോക്കും. രാത്രിയില്‍ നാടകങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തും. ഈ കുടുംബത്തിന് ജീവനവും ജീവിതവും ഈ നാടക കമ്പനിയാണ്. ഈ ദിനചര്യയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
കൃത്യമായി പറഞ്ഞാല്‍ 134 വര്‍ഷങ്ങളുടെ പഴക്കം!. 1885 ല്‍ വനരാസ ഗോവിന്ദ റാവു ആണ് ഈ ട്രൂപ്പ് സ്ഥാപിക്കുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് നിഴല്‍പാവക്കൂത്തിനാണ് ആദ്യകാലങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കിലും പിന്നീട് സംഗീതനാടകങ്ങളിലേക്കും നാടകങ്ങളിലേക്കും ചുവടുമാറ്റുകയായിരുന്നു.
സുരഭിയുടെ ഈ യാത്ര 2013ല്‍ പത്മശ്രീ അവാര്‍ഡ് നേടിയ അഞ്ചാം തലമുറയിലെ പ്രതിനിധി രാകേന്ദര്‍ നാഗേശ്വരറാവുവില്‍ എത്തിനില്‍ക്കുന്നു. ആന്ധ്രാപ്രദേശിന്റെ ചരിത്രസാംസ്‌കാരിക മണ്ഡലത്തില്‍ ഒരു നാഴികക്കല്ലാണ് സുരഭി തിയറ്റര്‍. 1931 ല്‍ ഇറങ്ങിയ 'ഭക്തപ്രഹ്ലാദ' എന്ന ആദ്യ തെലുങ്ക് ശബ്ദചിത്രത്തിലെ നായികയായിരുന്ന കമലാബായ് സുരഭി തിയറ്റര്‍ കുടുംബത്തില്‍നിന്നായിരുന്നു. പത്മശ്രീ, ബിസ്മില്ലാ ഖാന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ കുടുംബത്തെ തേടിയെത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ഇവര്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്.