അരൂരില്‍ ആംബുലന്‍സ് സേവനവുമായി അരൂര്‍ മഹല്‍ മുസ് ലിം ജമാഅത്ത് കമ്മിറ്റി

ആംബുലന്‍സ് സര്‍വീസ് അഡ്വ. എ എം ആരിഫ് എംപി ഫ് ളാഗ്ഓഫ് ചെയ്തു.മഹല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാരവും ശ്ലാഘനീയവുമാണെന്ന് അഡ്വ: എ എം ആരിഫ് പറഞ്ഞു

Update: 2021-10-15 15:14 GMT

അരൂര്‍:ആംബുലന്‍സ് സേവനവുമായി അരൂര്‍ മഹല്‍ മുസ് ലിം ജമാഅത്ത് കമ്മിറ്റി ആതുരസേവന രംഗത്തേക്ക് കടക്കുന്നു. ആംബുലന്‍സ് സര്‍വീസ് അഡ്വ. എ എം ആരിഫ് എംപി ഫ് ളാഗ്ഓഫ് ചെയ്തു.മഹല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാരവും ശ്ലാഘനീയവുമാണെന്ന് അഡ്വ: എ എം ആരിഫ് പറഞ്ഞു.പ്രസിഡന്റ് മക്കാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് സയ്യിദ് വി പി എ തങ്ങളുടെ പ്രാര്‍ത്ഥന നടത്തി .മഹല്‍ സെക്രട്ടറി സി എ ജാഫര്‍, വി കെ സിറാജുദ്ദീന്‍ ഹാജി, പഞ്ചായത്ത് മെമ്പര്‍ ഇ ഇഷാദ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബി അന്‍ഷാദ്,ഹാജി മുസ്തഫ സഖാഫി സംബന്ധിച്ചു.

മുന്ന് മാസത്തിന് മുമ്പ് അരൂരില്‍ ആംബുലന്‍സ് കിട്ടാതെ യുവാവ് മരിക്കാനിടയായ സംഭവം വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.അരൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് നികര്‍ത്തില്‍ ഇഖ്ബാലിന്റെ മകന്‍ ഷെഫീക്ക് (37 ) ആണ് മരിച്ചത്‌.രാത്രി 8.30 ഓടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ ഒക്‌സിജന്‍ സിലണ്ടര്‍ സംവിധാനം ഇല്ലാത്തതിനാല്‍ പ്രാഥമിക ചികില്‍സക്ക് ശേഷം എറാണാകുളത്തേക്ക് കൊണ്ട് പോകാന്‍ 2 മണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സ് കിട്ടിയില്ല.

തുടര്‍ന്ന് 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അടിന്തിര ഘട്ടത്തില്‍ ആംബുലന്‍സ് കിട്ടാതെ യുവാവ് മരിക്കാനിടയായ സംഭവം ഗൗരവമേറിയതായിരുന്നുവെന്ന് ആരിഫ് എം.പി.പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറുംപ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സംവിധാനം ജമാഅത്ത് കമ്മിറ്റി തുടങ്ങിയതില്‍ അഭിനന്ദിക്കുന്നുവെന്നും എംപി പറഞ്ഞു.

അടിയന്തിര ഘട്ടങ്ങളില്‍ അത്യാവശ്യ സജ്ജീകരണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളുടെ പേരില്‍ നടപടി വേണമെന്ന ആവശ്യം മാധ്യമ പ്രവര്‍ത്തകര്‍ എം.പി.യോടാവശ്യപ്പെട്ടു. ഈ സാഹചര്യം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കുവാനാണ് ആംബുലന്‍സുമായി ജനസേവനരംഗത്തേക്ക്കടക്കുന്നതെന്ന് മഹല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Tags:    

Similar News