കോഴിക്കോട് ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ച സംഭവം; കാര്‍ ഉടമയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ തെറിച്ചുവീഴുന്ന സാഹചര്യം വരെയുണ്ടായി.

Update: 2023-05-18 09:59 GMT
കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യും. ഇയാള്‍ക്ക് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി.

ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച് കോഴിക്കോട് സ്വദേശി തരുണ്‍ കാറോടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് മുന്നിലായിരുന്നു അഭ്യാസപ്രകടനം. പലതവണ ആംബുലന്‍സ് ഹോണ്‍ മുഴക്കിയിട്ടും വഴി നല്‍കിയില്ല. കാര്‍ തുടര്‍ച്ചയായി ബ്രേക്ക് ഇട്ടതോടെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ തെറിച്ചുവീഴുന്ന സാഹചര്യം വരെയുണ്ടായി. കിലോ മീറ്ററുകളോളം യാത്ര ചെയ്ത ശേഷമാണ് കാര്‍ വഴിമാറിയത്.

രോഗിയുടെ ബന്ധുക്കള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ച്, മോട്ടോര്‍ വാഹനവകുപ്പ് അതിവേഗം നടപടിയെടുത്തു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ സേവനം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. അപകടത്തില്‍പ്പെട്ട് തളര്‍ന്നുപോയവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കാനാണ് കൂടിയാണ് ഈ പരിശീലനം.


Tags:    

Similar News