സ്വകാര്യകോര്‍പറേറ്റുകളുടെ ഇന്ധന വിലനിര്‍ണയ അധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക: കെഎംവൈഎഫ്
കായംകുളം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുന്ന കോര്‍പറേറ്റ് എണ്ണക്കമ്പനികള്‍ ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെഎംവൈഎഫ് സംസ്ഥാന സെക്രട്ടറി തലവരമ്പ് സലിം. കേരള മുസ് ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സായാഹ്ന ധര്‍ണയുടെ ഭാഗമായി കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മിറ്റി കായംകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ധന വിലവര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വര്‍ധിക്കുകയാണ്. സാധന സേവന മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് വിലനിയന്ത്രണ അധികാരം കോര്‍പറേറ്റുകളില്‍നിന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തികപ്പള്ളി താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ കബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് കെ നസീര്‍ മുഖ്യപ്രഭാഷണം നടത്തി. നാസറുദ്ദീന്‍ മന്നാനി, സജീര്‍ കുന്നുകണ്ടം, സിദ്ദീഖ് മൗലവി, അനീര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.