പരാതികള്‍ക്കു ഫലം കണ്ടു; പ്രാവിന്‍ കൂട് ഇരമല്ലിക്കര റോഡിന്റെ ഇരുവശങ്ങളില്‍ മണ്ണ് നിരത്തി തുടങ്ങി
ചെങ്ങന്നൂര്‍: പത്ത് മാസങ്ങള്‍ക്കു മുന്‍പ് ടാറിങ് പൂര്‍ത്തിയാക്കിയ പ്രാവിന്‍ കൂട് ഇരമല്ലിക്കര റോഡിന്റെ ഇരുവശങ്ങളില്‍ മണ്ണ് നിരത്തി തുടങ്ങി. റോഡിന്റെ പാര്‍ശ്വഭാഗങ്ങളിലും ടാറിങ് കഴിഞ്ഞ ശേഷം മണ്ണ് നിറക്കാത്തതിനാല്‍ നിരവധി അപകടങ്ങളാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരുന്നത്. റോഡിന്റെ എഡ്ജില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിതെറിച്ചാണ് മിക്ക അപകടങ്ങളും ഉണ്ടായത്. വൃദ്ധയുടെ മരണമുള്‍പ്പെടെ 15 ഓളം പേര്‍ അപകടത്തില്‍ പ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. പ്രാവിന്‍ കൂട് ഇരമല്ലിക്കര 5 കിലോമീറ്റര്‍ നീളം വരുന്ന റോഡ് 8 മീറ്റര്‍ വീതിയിലാണ് പൂര്‍ണ്ണമായും നിര്‍മ്മാണം. ഇപ്പോള്‍ 5 മീറ്റര്‍ വീതിയില്‍ മാത്രമാണ് ടാറിംഗ് നടന്നത്. ബാക്കി 3 മീറ്റര്‍ റോഡിന്റെ ഇരുവശങ്ങളില്‍ അപകടങ്ങള്‍ കൂടുതലായി ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഒരടി വീതം കോണ്‍ക്രീറ്റും ഇരുവശങ്ങളിലായി ബാക്കി 8 അടി വീതിയില്‍ മണ്ണ് ഇട്ട് നികത്തി റോഡിനു സമം ആക്കി ഉയര്‍ത്തേണ്ടതുണ്ട്.
പാര്‍ശ്വഭാഗങ്ങളില്‍ തിരുവന്‍വണ്ടൂര്‍ ക്ഷേത്ര ജങ്ഷനോട് ചേര്‍ന്ന് ചെറുകിട കച്ചവടക്കാര്‍ കയ്യേറിയ കാരണം കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ കടന്നു പോകുന്നതിനും വളരെ ബുദ്ധിമുട്ടാണ് അനുഭവപെട്ടിരുന്നത്. 2017ല്‍ കാവുങ്കല്‍ കണ്‍സ്ട്രക്ഷന്‍ 5.60 കോടി രൂപയ്ക്കാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നു റോഡ് നിര്‍മ്മാണത്തിന് കരാര്‍ എറ്റെടുത്തത്. മണ്ണ് നിരത്ത് ജോലി പൂര്‍ത്തിയാകുന്നതോടൊപ്പം ഉപ്പു കളത്തില്‍ കലുങ്കിന്റെ പാര്‍ശ്വഭിത്തികളുടെ നിര്‍മാണവും പ്രാവിന്‍ കൂട് ജങ്ഷനില്‍ നിന്നു ഉപ്പുകളത്തില്‍ തോട്ടിലേയ്ക്ക് റോഡിന്റെ ഒരു വശത്തുകൂടെയുള്ള ഓടയുടെ നിര്‍മ്മാണവും ഇനിയും പൂര്‍ത്തിയാകാനുണ്ട്.