ചെങ്കൊടി ഉറപ്പിക്കാന്‍ സതീശ് ചന്ദ്രന്‍; ത്രിവര്‍ണമേകാന്‍ സുബ്ബയ്യ...?
യുഡിഎഫ് പക്ഷത്ത് ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല
കാസര്‍കോഡ്: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭാഷ സംസാരിക്കുന്നവര്‍ സംഗമിക്കുന്ന സ്ഥലമാണ് കാസര്‍കോഡ്. സപ്തഭാഷാ സംഗമ ഭൂമിയെന്നാണു വിളിപ്പേര്. എന്നാല്‍, ലോക്‌സഭാ മണ്ഡലത്തിലേക്കു തിരഞ്ഞെടുപ്പെത്തിയാല്‍ പിന്നെ നിറമൊന്നേ കാണാറുള്ളൂ. പാവങ്ങളുടെ പടത്തലവനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന എകെജി വാണിരുന്ന മണ്ണില്‍ ചുവപ്പല്ലാതെ എങ്ങനെ പച്ചപിടിക്കും. ഇക്കുറിയും അതിനു മാറ്റമുണ്ടാവാനുള്ള സാധ്യത വിരളമാണെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. എന്നാല്‍, പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള പ്രതിഷേധം തലവര മാറ്റുമെന്നു തന്നെയാണ് യുഡിഎഫിന്റെ പക്ഷം. നിയമസഭാ മണ്ഡലത്തില്‍ മഞ്ചേശ്വരത്ത് ചുണ്ടിനടുത്ത് വിജയം നഷ്ടപ്പെട്ട നിരാശയില്‍, ശബരിമല പോലുള്ള വികാരവിഷയങ്ങളില്‍ തന്നെയാണ് ബിജെപി ഇത്തവണയും പ്രതീക്ഷ കൈവച്ചിട്ടുള്ളത്. എന്തായാലും എല്ലായ്‌പോഴും അവഗണനയുടെ ചരിത്രം മാത്രം പറയാറുള്ള ഉത്തരമലബാറിലെ കാസര്‍കോട്ടുകാരുടെ മനസ്സ് വോട്ടുപെട്ടിയിലെത്തും വരെ പ്രവചനാതീതമായി തുടരുമെന്നതില്‍ തര്‍ക്കമില്ല.
അല്‍പം കാസര്‍കോഡന്‍ ചരിത്രം
കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്ക് മലയാളീകരിച്ച് കാഞ്ഞിരോട് എന്നപേരിലേക്ക് ചുരുങ്ങിയാതെന്നാണ് ചരിത്രം. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള ജില്ലയും മണ്ഡലവും കാസര്‍കോഡ് തന്നെ. മലയാളം, കന്നഡ, തുളു എന്നിവയാണ് പ്രധാന ഭാഷകള്‍. എന്നാല്‍ മഹാരാഷ്ട്ര (മറാത്തി), ഉര്‍ദു, കൊറഗ, ഹിന്ദുസ്ഥാനി, കൊങ്കണി ഭാഷകള്‍ സംസാരിക്കുന്നതിലാണ് സപ്തഭാഷാ സംഗമഭൂമിയായത്.
ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 10 വിക്കറ്റും നേടി ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ജനിച്ചത് കുമ്പളയിലാണ്. മുന്‍ കബഡി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജഗദിഷ് കുംബ്ലെയും ഇതേ നാട്ടുകാരന്‍ തന്നെ. വിനായക ചതുര്‍ത്ഥിയും യക്ഷഗാനവും തോളിലേറ്റുന്ന കാസര്‍കോഡിന്റെ മണ്ണിലേക്ക് അതിര്‍ത്തിയിലൂടെ സംഘപരിവാരം ഹിന്ദുത്വം കടന്നുകയറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയപ്പോഴും മതേതര കേരളം പ്രതിരോധിച്ചു നില്‍ക്കുകയാണ്.
ചെങ്കോട്ടയിലെത്തിയവരേറെയും ചെങ്കൊടിയേന്തിയവര്‍
മഞ്ചേശ്വരം, കാസര്‍കോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കാസര്‍കോഡ് ലോക്‌സഭാ മണ്ഡലം. ഇവിടുത്തെ ചരിത്രം കൂടുതലും ചെഞ്ചായമണിഞ്ഞതാണ്. ദക്ഷിണ കാനറയുടെ ഭാഗമായിരുന്നപ്പോള്‍ 1952ല്‍ കോണ്‍ഗ്രസിന്റെ ബി ശിവറാവുവാണ് പാര്‍ലിമെന്റിലെത്തിയത്. കേരള സംസ്ഥാനത്തിന്റെ ഭാഗമായപ്പോള്‍ 1957ലും 1962, 1967 കാലഘട്ടത്തിലും എ കെ ഗോപാലന്‍ ഹാട്രിക് ജയമാണ് നേടിയത്.
ആദ്യ പ്രതിപക്ഷ നേതാവായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും എക്കാലത്തെയും മികച്ച നേതാക്കളിലൊരാളായ എകെജിക്കു ശേഷമെത്തിയ ഇ കെ നായനാരെ 1971ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് അട്ടിമറിച്ചത്. ഗാന്ധിയന്‍ ആദര്‍ശത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന, പിന്നീട് കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ്(എസ്) രൂപീകരിച്ച കടന്നപ്പള്ളി 77ലും പാര്‍ലിമെന്റിലെത്തി. ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായി കണ്ണൂര്‍ എംഎല്‍എയും മന്ത്രിയുമാണ് അദ്ദേഹം. 1980ല്‍ സിപിഎം രാമണ്ണറൈയിലൂടെയാണ് കാസര്‍കോഡ് തിരിച്ചുപിടിച്ചത്. 84ല്‍ രാമറൈയെ രംഗത്തിറക്കി കോണ്‍ഗ്രസ് നേടി. 1989ലും 1991ലും രാമണ്ണറൈ ശക്തമായ തിരിച്ചുവരവിലൂടെ മണ്ഡലം പിടിച്ച ശേഷം ഇടതുമുന്നണിക്ക്തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല 1996, 98, 99 തിരഞ്ഞെടുപ്പുകളില്‍ ടി ഗോവിന്ദനാണു പാര്‍ലിമെന്റേറിയന്‍. 2004, 2009, 2014 ലോക്‌സഭകളില്‍ കാസര്‍കോഡിനെ പ്രതിനിധീകരിച്ചത് സാക്ഷാല്‍ എകെജിയുടെയും സുശീലാഗോപാലന്റെയും മകളായ ലൈലയുടെ ഭര്‍ത്താവും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ പി കരുണാകരനാണ്.
ഇത്തവണ സതീശ് ചന്ദ്രന്‍, അപ്പുറം സുബ്ബയ്യയോ...?
മൂന്നാമൂഴം പിന്നിട്ട പി കരുണാകന് ഇക്കുറി സ്ഥാനമുണ്ടാവില്ലെന്ന് ആദ്യമേ തന്നെ ഉറപ്പിച്ചിരുന്നു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്നെ, എല്ലാവരും കരുതിയതു പോലെ സതീശ് ചന്ദ്രന്‍ തന്നെ ലിസ്റ്റില്‍ ഇടം നേടി. സി എച്ച് കുഞ്ഞമ്പു, എം വി ബാലകൃഷ്ണന്‍ തുടങ്ങിയ പേരുകളും ചര്‍ച്ച ചെയ്‌തെങ്കിലും പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയെന്ന വിലയില്‍ സതീശ് ചന്ദ്രനുള്ള ജനസമ്മിതിക്കു തന്നെ നറുക്ക് വീഴുകയായിരുന്നു. എന്നാല്‍ യുഡിഎഫ് പക്ഷത്ത് ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല.
കഴിഞ്ഞ തവണ ചലനമുണ്ടാക്കിയ ടി സിദ്ദിഖിന്റെ പേര് ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അഡ്വ. സുബ്ബയ്യയ്ക്കാണ് സാധ്യത കൂടുതല്‍. സാമുദായിക വോട്ടുകളും തുളുനാടിന്റെ പിന്തുണയും മുന്‍ എംപിയായ ഐ രാമറൈയുടെ മകന്‍ സുബ്ബയ്യയ്ക്കുണ്ടാവുമെന്നാണ് കണക്കൂകൂട്ടല്‍. 2014ല്‍ 1,08,256 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കരുണാകരന്‍ ജയിച്ചതെങ്കില്‍ 2009ല്‍ ഇത് 64,427 ആയി കുറഞ്ഞു. 2014ല്‍ വെറും 6,921 വോട്ടിനു കഷ്ടിച്ച് ജയിച്ചുകയറുകയായിരുന്നു. ഇത്തവണ പെരിയ ഇരട്ടക്കൊല കൂടി പ്രചാരണത്തിനെത്തുമെന്നതിനാല്‍ ആഞ്ഞുപിടിച്ചാല്‍ കൈപിടിയിലൊതുക്കാമെന്നാണ് യുഡിഎഫ് കണക്കൂകൂട്ടല്‍. കഴിഞ്ഞ തവണ മൂന്ന് ശതമാനത്തോളം വോട്ട് വര്‍ധിപ്പിച്ച ബിജെപി ശബരിമല വിഷയത്തിലും ഹിന്ദുത്വ കാര്‍ഡിലും തന്നെയാണ് പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോഡ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ട് വര്‍ധിക്കുമെന്ന് കണക്കുകൂട്ടുന്നുണ്ടെങ്കിലും സുരക്ഷിതമല്ലാത്ത മണ്ഡലം വേണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ ഉള്‍പ്പെടെയെത്തിച്ച് ശബരിമല വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിച്ച് റാലി നടത്തിയെങ്കിലും പ്രതിഷേധ പരിപാടികളിലെ കേസ് നടപടികളിലെ പോരായ്മ തിരിച്ചടിയാണുണ്ടാക്കിയത്. ഏതായാലും സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച് പ്രചാരണം തുടങ്ങിയ സതീശ് ചന്ദ്രന്‍ ഏറെ ആത്മവിശ്വാസത്തിലാണ് മുന്നേറുന്നത്. വരാനിരിക്കുന്ന കൊടുംചൂടില്‍ തിരഞ്ഞെടുപ്പ് ചൂടും കൂടിയാവുമ്പോള്‍ കന്നഡമനസ്സുള്ള കാസര്‍കോഡന്‍ മണ്ണില്‍ അവസാന ചിരി ആരുടേതാവുമെന്ന് കണ്ടറിയാം.