പുലിയൂര്‍ മകരസംക്രമക്കാവടി മഹോത്സവം സമാപിച്ചു

പാല്‍ക്കാവടി, കുങ്കുമം, കളഭ, കര്‍പ്പൂരം, അന്നം, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, ഭസ്മം എന്നീ വിശിഷ്ട ദ്രവ്യങ്ങള്‍ നിറച്ച 800ല്‍ അധികം കാവടികള്‍ ആണ് ഇത്തവണ ആടിയത്.

Update: 2019-01-15 14:43 GMT

ചെങ്ങന്നൂര്‍: ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ പുലിയൂര്‍ മകരസംക്രമക്കാവടി മഹോത്സവം സമാപിച്ചു. പേരിശ്ശേരി പഴയാറ്റില്‍ ദേവീക്ഷേത്രത്തില്‍ നിന്നുമാണ് കാവടി വരവ് ആരംഭിച്ചത്. പാല്‍ക്കാവടി, കുങ്കുമം, കളഭ, കര്‍പ്പൂരം, അന്നം, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, ഭസ്മം എന്നീ വിശിഷ്ട ദ്രവ്യങ്ങള്‍ നിറച്ച 800ല്‍ അധികം കാവടികള്‍ ആണ് ഇത്തവണ ആടിയത്.

മകരസംക്രമ ദിനത്തില്‍ വിഷ്ണു ക്ഷേത്രങ്ങളില്‍ പുലിയൂരിലെ മാത്രം പ്രത്യേകതയാണ് ഇവിടുത്തെ കാവടി ഘോഷയാത്ര. ഇതിനായി കഠിന വ്രതനിഷ്ഠയോടെയും പൂര്‍ണ ഭക്തിയോടു കൂടിയുമാണ് ഭക്തര്‍ കാവടിക്കായി ഒരുക്കിയത്.

ബാലന്മാര്‍ മുതല്‍ വൃദ്ധര്‍ വരെ കാവടിയെടുത്തു. മതസൗഹാര്‍ദ്ദം വിളിച്ചോതി വിവിധ സമുദായത്തില്‍പ്പെട്ടവരും കാവടിയേന്താനുണ്ടായിരുന്നു. 450 ആട്ടക്കാവടിയും വഴിപാടായി 456 കാവടികളും ഉണ്ടായിരുന്നു. ശിവലിംഗം, ശൂലം, ഗദ, താമര എന്നിവയുടെ ആകൃതിയിലുള്ള കാവടികള്‍ വേറിട്ട കാഴ്ചയായി.

നാദസ്വരവും ചെണ്ടയും അടക്കമുള്ള വാദ്യങ്ങള്‍ തീര്‍ത്ത ആവേശതാളത്തില്‍ കാവടിയാട്ടം കാഴ്ചവിരുന്നായി.

പുലിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ കാവടിയെ എതിരേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെ കാവടികള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് തന്ത്രിബ്രഹ്മശ്രീ കുഴിക്കാട്ട് ഇല്ലത്ത് അഗ്‌നി ശര്‍മ്മന്‍ വാസുദേവഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാവടി അഭിഷേകവും നടന്നു. ക്ഷേത്രത്തിലെ ഉത്സവം 26ന് ആരംഭിച്ച് ഫെബ്രു വരി 4ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവത്തിനോട് അനുബന്ധിച്ച് ഫെബ്രുവരി 3ന് പകല്‍പൂരവമുണ്ട്. 

Tags:    

Similar News