മഹേഷ് 'പ്രഭു' അല്ല ; അതുക്കും മേലെ

അക്വിനാസ് കോളേജിലെ ബി കോം വിദ്യാര്‍ഥി ആദര്‍ശിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ടി വി ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി ടി വി ചലഞ്ചുമായി സഹായം തേടി നടക്കുമ്പോഴാണ് മംഗളം പത്രത്തിലെ ഫോട്ടോഗ്രാഫര്‍ ആയ മഹേഷ് പ്രഭുവിനെ കണ്ടു മുട്ടിയത്

Update: 2020-06-16 08:26 GMT

കൊച്ചി: പേര് മഹേഷ് പ്രഭു. തൊഴില്‍ കൊച്ചിയിലെ പത്ര ഫോട്ടോഗ്രാഫര്‍. പേരില്‍ മാത്രമേ 'പ്രഭു' ഉള്ളെന്ന് പലരും കളിയാക്കും. പേരില്‍ പ്രഭു ഉണ്ടെങ്കിലും ഒരു ചെറിയ പുരയിടവും അതിലൊരു ചെറിയ വീടുമാണ് മഹേഷ് പ്രഭുവിനുള്ളത്. കുടുംബവുമായി കഴിയുന്നത് ഇവിടെയാണ്.അക്വിനാസ് കോളേജിലെ ബി കോം വിദ്യാര്‍ഥി ആദര്‍ശിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ടി വി ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി ടി വി ചലഞ്ചുമായി സഹായം തേടി നടക്കുമ്പോഴാണ് മംഗളം പത്രത്തിലെ ഫോട്ടോഗ്രാഫര്‍ ആയ മഹേഷ് പ്രഭുവിനെ കണ്ടു മുട്ടിയത്.

ആവശ്യം പറഞ്ഞപ്പോള്‍ വീട്ടിലേക്ക് ചെല്ലാനാണ് മഹേഷ് പ്രഭു പറഞ്ഞത്. പിറ്റേ ദിവസം വീട്ടിലെത്തിയ ആദര്‍ശും സംഘവും ശരിക്കും ഞെട്ടി. ഈ വീട്ടില്‍ നിന്ന് എന്ത് കിട്ടാനാണ് എന്ന ഭാവത്തില്‍ നില്‍ക്കുമ്പോഴേക്കും ആ വീട്ടിലെ ആകെ ഉണ്ടായിരുന്ന ആഡംബരം എന്ന് പറയാവുന്ന ടി വി മഹേഷ് എടുത്തു ആദര്‍ശിന് നല്‍കി.വീട്ടിലിരുന്നു ടി വി കാണാതായതോടെ അന്വേഷിച്ച ഭാര്യയോടും മകളോടും മഹേഷ് പറഞ്ഞത് ടി വി ഇല്ലാത്ത കുട്ടിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കി, നമുക്കിപ്പോള്‍ ടി വി ആവശ്യമില്ലല്ലോ എന്നാണ്.

മഹേഷ് പ്രഭുവിന്റെ നന്മ നിറഞ്ഞ പ്രവൃത്തി അറിഞ്ഞ കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം ഭാരവാഹികള്‍ പ്രഫ. എം കെ സാനു രക്ഷാധികാരിയായി നഗരത്തിലെ സന്നദ്ധ സംഘടനയായ ഫെയ്സുമായി ബന്ധപ്പെട്ടു. ഫെയ്സ് ചെയര്‍മാന്‍ ടി ആര്‍ ദേവന്‍ പുത്തന്‍ ടി വി ഒരെണ്ണം വാങ്ങി ഇന്നലെ മഹേഷിന് കൈമാറി.മഹേഷിന് ടി വി കൈമാറുന്ന ചടങ്ങില്‍ ഫെയ്സ് ചെയര്‍മാന്‍ ടി ആര്‍ ദേവന്‍, ട്രസ്റ്റി രത്നമ്മ വിജയന്‍, കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം കണ്‍വീനര്‍ എ എസ് സതീശ്, ജോ.കണ്‍വീനര്‍മാരായ ടി കെ പ്രദീപ്, എന്‍ ആര്‍ സുധര്‍മ്മദാസ്, ജിപ്‌സണ്‍ സിക്കേര, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു പങ്കെടുത്തു. 

Tags:    

Similar News