എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
എംഎല്‍എമാരുടെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു, ഏറെനേരം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ മൂന്നു എം എല്‍ എമാരും , കെപിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി
കൊച്ചി: അധോലോക സര്‍ക്കാര്‍ രാജി വയ്ക്കുക, പോലീസ് നരനായാട്ട് അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലിസും സമരക്കാരും ഏറ്റു മുട്ടി. ഇതിനെ തുടര്‍ന്ന് എംഎല്‍എമാരുടെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു, ഏറെനേരം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ മൂന്നു എം എല്‍ എമാരും , കെപിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഡിസിസി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കോര്‍പ്പറേഷനു സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, കേരളത്തിലെ പോലിസ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊട്ടേഷന്‍ സംഘം ആയി പ്രവര്‍ത്തിക്കുകയാണെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു.പിണറായി വിജയന്റെ ചങ്കിടിപ്പു കൂടുമ്പോള്‍ കൈതരിക്കുന്ന സഖാക്കള്‍ പോലീസിലുണ്ടെന്നും, അവര്‍ക്ക് കൈത്തരിപ്പ് തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്ക് മേല്‍ അക്രമം അഴിച്ചുവിട്ടാല്‍ അത് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ്് അഷ്‌കര്‍ പനയപ്പിള്ളി യുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ എംഎല്‍എമാരായ വി പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, കെപിസിസി സെക്രട്ടറിമാരായ ടോണി ചമ്മിണി, എം ആര്‍ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജിജോ ജോണ്‍, അബിന്‍ വര്‍ക്കി, സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാന്‍, ലിന്റോ പി ആന്റോ, അഫ്‌സല്‍ നമ്പ്യാരത്ത്, മുഹമ്മദ് റഫീഖ്, മനു ജേക്കബ്,കെഎസ്യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവിയര്‍, ജില്ലാ സെക്രട്ടറിമാരായ എ എ റഷീദ്, സനല്‍ അവറാച്ചന്‍, എം എ ഹാരിസ്, കെ എ റമീസ് , ഷാന്‍ മുഹമ്മദ്, വിഷ്ണു പ്രദീപ്, റിയാസ്, ഷംസുദ്ദീന്‍, സികെ സിറാജ്, അസംബ്ലി പ്രസിഡണ്ടുമാരായ വിവേക് ഹരിദാസ്, രഞ്ജിത്ത്, അസീം ഖാലിദ്, നിതിന്‍ തോമസ്,അമീന്‍ തടത്തികുന്നേല്‍, സമീര്‍ കോണിക്കല്‍, രഞ്ജിത്ത് രാജന്‍, അനൂപ് പി.എച്ച്, അന്‍വര്‍ കരീം, സുജിത്ത് പി.എസ്, കെ.എ.സ്.യു ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഷാരോണ്‍ പനക്കല്‍, ഭാഗ്യനാഥ് എസ് നായര്‍ മാര്‍ച്ചിന് നേതൃത്വം കൊടുത്തു. എംഎല്‍എമാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ സെന്‍ട്രല്‍ പോലിസ് കേസെടുത്തു.