വരകളുടെ ലോകത്ത് അല്‍ഭുതം തീര്‍ത്ത ക്ലിന്റിന്റെ പിതാവ് ജോസഫ് അന്തരിച്ചു

വ്യാഴാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.

Update: 2019-01-17 14:45 GMT

കൊച്ചി: ഏഴു വയസിനിടയില്‍ വരകളുടെ ലോകത്ത് അത്ഭുതം തീര്‍ത്ത ബാലചിത്രകാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് (72) അന്തരിച്ചു. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചയക്ക് രണ്ടുവരെ മഞ്ഞുമ്മലില്‍ ഭാര്യചിന്നമ്മയുടെ തറവാട്ടുവീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയ്ക്ക് കൈമാറും.

കച്ചേരിപ്പടി മൂല്ലേപ്പറമ്പില്‍ പരേതനായ തോമസിന്റെ മകനാണ് ജോസഫ്. തേവര സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജീസ് (സിഫ്ട്) ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. ക്ലിന്റിന്റെ മരണശേഷം തേവരയില്‍ ഓഫീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ജോസഫും ഭാര്യയും പിന്നീട് കലുര്‍ ജഡ്ജസ് അവന്യുവിലെ എല്‍ഐജി കോളനിയില്‍ വീടുവാങ്ങി അങ്ങോട്ടു താമസം മാറ്റി. ക്ലിന്റ് എന്ന് പേരിട്ട ആ വീട്ടില്‍ നിറയെ മകന്റെ ചിത്രങ്ങളും അവന്റെ ഫോട്ടോകളും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതെല്ലാം ചേര്‍ത്ത് അവന്റെ പേരില്‍ ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹം ജോസഫ് കൊണ്ടുനടന്നിരുന്നു. അതിനുള്ള പ്രാരംഭ ചര്‍ക്കളും ചിലരുമായി നടത്തിയിരുന്നു.

മഞ്ഞുമ്മല്‍ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ ക്ലിന്റിനെ അടക്കം ചെയ്ത കല്ലറ 45 വര്‍ഷത്തേക്ക് വാങ്ങിയിരുന്നു ചിന്നമ്മയും ജോസഫും. മകന്റെ കല്ലറ അതുപോലെ സംരക്ഷിക്കണമെന്ന ആഗ്രഹം മൂലമാണത്. അതിനാല്‍ കുടുംബക്കല്ലറയില്‍ അടക്കാതെ താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജാശുപത്രിക്ക് കൈമാറണമെന്നായിരുന്നു ജോസഫ് നിര്‍ദേശിച്ചിരുന്നത്.ഏഴാം വയസ്സില്‍ അന്തരിച്ച ക്ലിന്റ് അത്രയും കാലത്തിനിടയില്‍ പെന്‍സിലിലും ക്രയോണ്‍സിലും ജലച്ചായത്തിലുമായി ഏതാണ്ട് 30,000 ചിത്രങ്ങള്‍ വരച്ചിരുന്നു.




Tags:    

Similar News