ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കും ലഭ്യമാക്കണം: ബെന്നി ബെഹനാന്‍ എംപി

Update: 2020-03-29 10:23 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രധിരോധ ചികില്‍സാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ 50 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൊവിഡ് പ്രധിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എംപി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന് കത്തെഴുതി. അവശ്യ സര്‍വീസായി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതുമായ വകുപ്പുകളിലെ ജീവനക്കാര്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ലഭ്യമാക്കണം. നിലവില്‍ ആരോഗ്യമേഖലയിലെ ശുചീകരണ ജീവനക്കാര്‍, വാര്‍ഡ് ബോയ്‌സ്, പാരാ മെഡിക്കല്‍ ജീവനക്കാര്‍, ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് പരിരക്ഷ ലഭിക്കുന്നത്.

എന്നാല്‍ പഞ്ചായത്ത് ജീവനക്കാര്‍, പോലിസ്, ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍, മൃഗസംരക്ഷണവകുപ്പ് ജീവനക്കാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍, അവശ്യ സര്‍വീസായി കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇതര വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. കൊവിഡ് രോഗ വ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെപ്പോലെ തന്നെ അപായമേഖലകളില്‍ സമൂഹസുരക്ഷ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മേല്‍വിഭാഗത്തിലെ ജീവനക്കാര്‍ക്കും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.




Tags:    

Similar News