കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ആഗ്‌നിമിയയുടെ വീട് ബെന്നി ബെഹനാന്‍ എം പി സന്ദര്‍ശിച്ചു

Update: 2022-02-15 14:53 GMT

മാള: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ആഗ്‌നിമിയ എന്ന പെണ്‍കുട്ടിയുടെ പുത്തന്‍ചിറയിലെ വീട്ടില്‍ ബെന്നി ബെഹനാന്‍ എം പി സന്ദര്‍ശനം നടത്തി. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് ആന്റണി പയ്യപ്പിള്ളി, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ ടി കെ ജോണി, ജിജോ അരീക്കാടന്‍, പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം പി സോണി, വൈസ് പ്രസിഡന്റ് എം ജെ പോള്‍, ആന്റണി മൂഴിക്കുളം തുടങ്ങിയവരും എം പി യോടൊപ്പം ഉണ്ടായിരുന്നു.

പെണ്‍കുട്ടി മരണപ്പെട്ട ദിവസം തന്നെ എം പി ലോക്‌സഭയില്‍ വിഷയം അവതരിപ്പിക്കുകയും പെണ്‍കുട്ടിയുടെ കുടുംബത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര ധനസഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗശല്യം കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും എം പി സഭയെ അറിയിച്ചു.

മലയോരമേഖലയിലെ വന്യമൃഗാക്രമണം തടയുന്നതിന് തീരുമാനങ്ങളെടുക്കുന്നതിന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പട്ടിക ജാതി പട്ടിക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍ എം പി, എം എല്‍ എ മാരായ സനീഷ്‌കുമാര്‍ ജോസഫ്, റോജി എം ജോണ്‍, കെ കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ യോഗം കഴിഞ്ഞ ദിവസം വാഴച്ചാലില്‍ വെച്ച് ചേര്‍ന്നിരുന്നതായി എം പി അറിയിച്ചു.

കൂടാതെ വനം മന്ത്രി ദല്‍ഹിയില്‍ എത്തിയാല്‍ കേന്ദ്ര നിയമങ്ങളുടെ നൂലാമാലകള്‍ ഒഴിവാക്കുവാന്‍ എല്ലാ എം പി മാരും ചേര്‍ന്ന് കേന്ദ്ര മന്ത്രിയെ കാണുമെന്നും ബെന്നി ബെഹനാന്‍ എം പി അറിയിച്ചു.

Tags:    

Similar News