സംസ്ഥാനത്തെ ജയിലുകള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കോര്‍പറേറ്റ് ഓഫിസുകള്‍: ബെന്നി ബഹനാന്‍ എംപി

Update: 2021-07-04 14:07 GMT

കൊച്ചി: കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പിന്നില്‍ ഭരണത്തിലെയും ഭരണകക്ഷിയിലെയും പ്രമുഖരാണെന്ന് ബെന്നി ബെഹനാന്‍ എംപി. സംസ്ഥാനത്തെ ജയിലുകള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കോര്‍പറേറ്റ് ഓഫിസുകളാക്കി മാറ്റി. ജയിലുകളിലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇത്തരം അധോലോക സംഘങ്ങള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നവരെക്കുറിച്ച് അന്വേഷിക്കണം. കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെ പറുദീസയായി മാറി. ക്വട്ടേഷന്‍ സംഘാംഗമായ ഷാഫിയുടെ വീട്ടില്‍നിന്ന് പോലിസ് നക്ഷത്രം കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും എറണാകുളം ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബഹനാന്‍ ആരോപിച്ചു.

കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളെ ചോദ്യം ചെയ്യാന്‍ പിണറായി വിജയന്‍ ഭയപ്പെടുന്നു. കോടി സുനിയെ പോലെയുള്ളവരെ സംരക്ഷിക്കുന്നത് പിണറായി അടക്കമുള്ളവരാണ്. കൊവിഡ് മരണനിരക്ക് കുറച്ചുകാണിച്ച സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റമാണ് നടത്തിയത്. കള്ളക്കണക്കുണ്ടാക്കുന്ന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയതാണ്. കള്ളക്കടത്ത്, കള്ളപ്പണം, കള്ളക്കണക്ക് എന്നിവയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര.

മുന്‍ ഡ്രൈവറുടെ പരാതിയില്‍ കെ സുധാകരനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവര്‍ പല കേസുകളിലും വെളിപ്പെടുത്തലുകളിലും മൗനം പാലിക്കുകയാണ്. പരാതി അന്വേഷിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. സുധാകരനോട് വ്യക്തി വിരോധം മനസ്സില്‍ സൂക്ഷിക്കുന്ന ആളാണ് മുഖ്യമന്ത്രി എന്നും ബെന്നി ബഹനാന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കെപിസിസി സെക്രട്ടറിമാരായ ജെയ്‌സണ്‍ ജോസഫ്, ടോണി ചമ്മിണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News