മദ്‌റസാ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി അപമാനിച്ചു; സിപിഎം വാര്‍ഡ് അംഗത്തിനെതിരേ ജമാഅത്ത് കമ്മിറ്റിയുടെ പരാതി
പറവൂര്‍: മദ്‌റസയിലേക്ക് പോയ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി അപമാനിച്ച സംഭവത്തില്‍ സിപിഎം ജനപ്രതിനിധിക്കെതിരേ പരാതി നല്‍കി ചേന്ദമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് അംഗവും സിപിഎം പാലാത്തുരുത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ഫസലു റഹ്മാനെതിരേയാണ് വടക്കേക്കര പോലിസില്‍ പരാതി നല്‍കിയത്. ചേന്ദമംഗലം ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയിലെ വിദ്യാര്‍ഥികളെയാണ് ശനിയാഴ്ച വൈകീട്ട് ഇയാള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു.
മദ്‌റസാ പഠനത്തെയും പര്‍ദ ധാരണത്തെയും അധ്യാപകനെയും കുറിച്ച് ഇയാള്‍ മോശമായി സംസാരിച്ചെന്ന് കുട്ടികള്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹല്ല് കമ്മിറ്റി പോലിസിനെ സമീപിച്ചത്.
ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. 2014 ഡിസംബര്‍ 19ന് ഇയാള്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റര്‍ പതിച്ചത് വിവാദമായിരുന്നു. അന്നും മഹല്ല് ഭാരവാഹികള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. നിരന്തരം മതാചാരങ്ങളെ നിന്ദിക്കുന്ന ഇയാള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കുമെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് എ എ അലിക്കുഞ്ഞ് അറിയിച്ചു.