കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം: എം വി ജയരാജനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി രേഷ്മ
കണ്ണൂര്‍: ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരേ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാര്‍ട്ടി നേതാവായ കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനെതിരെയാണ് പരാതി. ജയരാജന്‍ അശ്ലീല പ്രയോഗം നടത്തിയെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നു. സിപിഎം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയില്‍ വ്യക്തമാക്കി.
ഹരിദാസ് വധക്കേസിലെ പ്രതി ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെ രേഷ്മയ്‌ക്കെതിരേ അതിരൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായത്. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയാണെന്നും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകന്‍ അറിയിച്ചു. സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജന്‍, പക്ഷെ പ്രതി ഒളിവിലുള്ള വീട്ടില്‍ പോയി രേഷ്മ ഭക്ഷണം വിളമ്പിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. പിണറായി പാണ്ട്യാല മുക്കിലെ മയില്‍ പീലി വീട്ടില്‍ ഏഴ് ദിവസമാണ് നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. വീട് നല്‍കിയതും പുറത്തുനിന്ന് പൂട്ടിയ വീട്ടില്‍ ഒളിച്ച് കഴിഞ്ഞ നിജിലിന് ഭക്ഷണമെത്തിച്ച് നല്‍കിയതും സുഹൃത്ത് രേഷ്മയാണെന്ന് പോലിസ് പറയുന്നു.