ലോക്സഭാ തിരഞ്ഞെടുപ്പ്: പ്രതിപക്ഷ ഐക്യത്തിന് ക്രിയാത്മക പിന്തുണ- എം കെ ഫൈസി

സവര്‍ക്കറിന്റെ ജന്മദിനം തന്നെ പുതിയ പാലമെന്റ് മന്ദിരോദ്ഘാടനത്തിന് തിരഞ്ഞെടുത്തത് ആകസ്മികമല്ല.

Update: 2023-05-25 09:18 GMT

കൊച്ചി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ നിലനില്‍പ്പിനായുള്ള പ്രതിപക്ഷ കക്ഷികളുടെ യോജിച്ച മുന്നേറ്റത്തിന് എസ്ഡിപിഐ ക്രിയാത്മക പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ചെറുതും വലുതുമായ എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ വിഭാഗം ജനങ്ങളും രാജ്യത്തിനായി ഒരുമനസായി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന ദ്വിദിന ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും അസ്ഥിരപ്പെടുത്തുന്ന വിദ്വേഷ-വിഭജന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ സാധ്യമാകേണ്ടതുണ്ട്. ബിജെപി ദുര്‍ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഭയവിഹ്വലരാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാതായിരിക്കുന്നു. മണിപ്പൂരില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന ഭീകരമായ ആക്രമണങ്ങള്‍ ഏറ്റവും പുതിയ ഉദാഹരണമാണ്. അക്രമങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നു മാത്രമല്ല കലാപം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയുടെ ഉദ്ഘാടനം രാഷ്ട്രപതിയെ വെട്ടിമാറ്റി പ്രധാനമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തത് ദുഷ്ടലാക്ക് വ്യക്തമാക്കുന്നതാണ്. ഗാന്ധി വധക്കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സവര്‍ക്കറിന്റെ ജന്മദിനം തന്നെ പുതിയ പാലമെന്റ് മന്ദിരോദ്ഘാടനത്തിന് തിരഞ്ഞെടുത്തത് ആകസ്മികമല്ല.

രാജ്യത്തിന്റെ വികസനവും പുരോഗതിയും പോലും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ലാതായി മാറിയിരിക്കുന്നു. മതവും ജാതിയും ആചാരവും വിശ്വാസവും ഭക്ഷണവും വസ്ത്രധാരണവുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതിലൂടെ ജനങ്ങളെ എങ്ങിനെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്നാണ് വിദ്വേഷ രാഷ്ട്രീയക്കാര്‍ നോക്കുന്നത്. ഇത് തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് സാധിക്കേണ്ടതുണ്ടെന്നും എം കെ ഫൈസി പറഞ്ഞു.

ബിജെപി ഭരണത്തില്‍ രാജ്യസുരക്ഷ തന്നെ അപകടത്തിലാണ്. രാജ്യത്തിന്റെ ഭൂപരിധിക്കുള്ളില്‍ ചൈനയുടെ അധിനിവേശം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര രഹസ്യങ്ങള്‍ ശത്രു രാജ്യങ്ങള്‍ക്കുള്‍പ്പെടെ ചോര്‍ത്തികൊടുക്കുന്നതില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ തന്നെ പ്രതികളായി പിടിക്കപ്പെടുന്നു. അവരുടെ കപട ദേശീയ വാദം രാജ്യത്തെ ഒറ്റുകൊടുക്കാനുള്ള ലൈസന്‍സായി മാറുകയാണ്.

ബിജെപി എംപിയും റെസ് ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലവനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായി ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ രാജ്യത്തെ ലോകത്തിന്റെ മുന്നില്‍ അപമാനിച്ചിരിക്കുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുമ്പില്‍ ആദ്യം നടക്കാനിരിക്കുന്ന സമരവും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നത് ഏറെ ദു:ഖകരമാണെന്നും എം കെ ഫൈസി കൂട്ടിച്ചേര്‍ത്തു.



വാര്‍ത്താസമ്മേളനത്തില്‍ നാഷനല്‍ വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീന്‍, ബി എം കാംബ്ലെ, മുഹമ്മദ് ഷെഫി, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ മജീദ് ഫൈസി, ഇല്യാസ് തുംബെ, യാസ്മിന്‍ ഫാറൂഖി, മുഹമ്മദ് അഷ്റഫ്, സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, അബ്ദുല്‍ സത്താര്‍, സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി സംബന്ധിച്ചു.







Tags:    

Similar News