മധ്യപൗരസ്ത്യ ദേശത്ത് സമാധാനം നിലനിര്‍ത്താന്‍ സയണിസ്റ്റ് അധിനിവേശം അവസാനിപ്പിക്കുക: എം കെ ഫൈസി

Update: 2023-10-08 13:03 GMT

കോഴിക്കോട്: വഷളായിക്കൊണ്ടിരിക്കുന്ന മധ്യപൗരസ്ത്യ ദേശത്തെ ചുറ്റുപാടുകള്‍ വളരെയധികം ആശങ്കാജനകമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. പ്രദേശത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യം അവസാനിപ്പിക്കാന്‍ ലോകനേതാക്കള്‍ ഫലപ്രദമായി ഇടപെടേണ്ടതുണ്ട്. കൊളോണിയല്‍ ശക്തികളുടെ സഹായത്തോടെ ഏകദേശം എട്ട് പതിറ്റാണ്ടുകളായി സയണിസ്റ്റ് അധിനിവേശത്തിലുള്ള പലസ്തീനിലെ ഗസ തുരുത്ത് കഴിഞ്ഞ 16 വര്‍ഷമായി ഇസ്രായേല്‍ ഉപരോധത്തിലാണുള്ളത്. തങ്ങളുടെ മാതൃരാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ ഇക്കാലമത്രയും പലസ്തീനികള്‍ പോരാടിക്കൊണ്ടിരിക്കുകയാണ്.


16 വര്‍ഷത്തെ ഗാസ ഉപരോധത്തിനും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വെസ്റ്റ് ബാങ്ക് നഗരങ്ങളില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന റെയ്ഡുകള്‍ക്കും അല്‍-അഖ്‌സയിലെ അക്രമത്തിനു മറുപടിയും ഫലസ്തീനികള്‍ക്കെതിരെ കുടിയേറ്റക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനുമെതിരെയുള്ള പ്രതികരണവുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു യുദ്ധമായി പ്രഖ്യാപിച്ച പുതിയ സംഭാവവികാസങ്ങളെക്കുറിച്ച് ഹമാസ് നേതാവ് മുഹമ്മദ് ദെഇഫ് പ്രതികരിച്ചത്.

സയണിസ്റ്റുകളുടെ അധിനിവേശത്തില്‍ നിന്ന് തങ്ങളുടെ മാതൃരാജ്യത്തെ മോചിപ്പിക്കാന്‍ പോരാടുന്ന ഫലസ്തീനികളെ തീവ്രവാദികളും, ഭീകരവാദികളുമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം ആക്ഷേപകരവും അപമാനകരവുമാണ്. പോരാളികളെ അവഹേളിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുകയും അവരുടെ അവകാശങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നതിനുപകരം ഫലസ്തീന്‍ ഭൂമിയില്‍ അനധികൃതമായി അധിനിവേശം നടത്തുന്നതില്‍ നിന്ന് സയണിസ്റ്റുകളെ പിന്തിരിപ്പിക്കാന്‍ ലോകനേതാക്കള്‍ മുന്‍കൈയെടുക്കണം.

ഫലസ്തീനികളുടെ മാതൃഭൂമിയിലെ നിയമവിരുദ്ധമായ അധിനിവേശം സയണിസ്റ്റുകള്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ മധ്യപൗരസ്ത്യ ദേശത്തെ സമാധാനം ഒരു ദിവാസ്വപ്നമായി അവശേഷിക്കുകയും, വിലപ്പെട്ട മനുഷ്യജീവനുകളുടെ നഷ്ടം തുടരുകയും ചെയ്യുമെന്നും എം കെ ഫൈസി പറഞ്ഞു.





Tags:    

Similar News