മൂന്നാറില്‍ മണ്ണിടിച്ചില്‍;കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത തടസം
കനത്ത മഴയെ തുടര്‍ന്ന് പാംബ്ല കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്
ഇടുക്കി:മൂന്നാറില്‍ മഴ ശക്തമായി തുടരുന്നു.കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ പോലിസ് സ്‌റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.ആളപായമോ മറ്റ് ദുരന്തമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
ഇടുക്കി ജില്ലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കനത്ത മഴ ഇടവിട്ട് പെയ്യുകയാണ്.ദേവികുളത്ത് ഇന്നലെ രാത്രി പെയ്ത മഴയിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടത്.രാത്രിയോടെ ഇടിഞ്ഞ മണ്ണ് ഇതുവരെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല.ഇതോടെ ദേവികുളം താലൂക്ക് ഓഫിസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരടക്കം വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്.മൂന്നാര്‍ കോളനി എസ്‌റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകള്‍ എന്നിവിടങ്ങളിലും ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. മഴ ശക്തമായ സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രൂള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പാംബ്ല കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. ഇരു ഡാമുകളില്‍ നിന്നും ചെറിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.