പെട്ടിമുടി ഉരുള്‍പൊട്ടല്‍; മരണം 26; തിരച്ചില്‍ തുടരുന്നു

Update: 2020-08-08 13:06 GMT
പെട്ടിമുടി ഉരുള്‍പൊട്ടല്‍; മരണം 26; തിരച്ചില്‍ തുടരുന്നു

ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. തിരച്ചില്‍ തുടരുകയാണ്. രാവിലെ പുനരാരംഭിച്ച തിരച്ചിലില്‍ വൈകീട്ട് നാലോടെ 9 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നു കണ്ടെടുത്തു. ഉച്ചവരെ സാമാന്യം തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും ഉച്ചയ്ക്കുശേഷം തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ശക്തമായ മഴയുണ്ടായി. വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങള്‍ രാജമല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേര്‍ന്ന ഭാഗത്ത് കൂട്ട സംസ്‌കാരം നടത്തി. ജെസിബി ഉപയോഗിച്ച് തയാറാക്കിയ കുഴികളില്‍ 12, 5 വീതം മൃതദേഹങ്ങള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യോപചാരങ്ങള്‍ക്കു ശേഷം സംസ്‌കരിക്കുകയായിരുന്നു. മണ്ണിനടില്‍ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും ഉണ്ടെന്ന് കരുതുന്നു.

    പലതിന്റെയും അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. കൂടാതെ മ്ലാവ് ഉള്‍പ്പെടെ വന്യമൃഗങ്ങളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. ഉരുള്‍പൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റന്‍ പാറകള്‍ വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടണളില്‍ പത്തടിയോളം എങ്കിലും മണ്ണ് മൂടിയിട്ടുണ്ട്. മൂന്നാര്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ മഴയും മഞ്ഞുമാണ്. തിരച്ചില്‍ ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമുണ്ട്. ഡി എഫ് ഒ മാരായ ആര്‍. കണ്ണന്‍ , ലക്ഷ്മി എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി രംഗത്തുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ ദിനേശ് എം പിള്ള, ദേവികുളം മുന്‍സിഫ് മജിസ്ട്രേറ്റ് ആനന്ദ് ബാലചന്ദ്രന്‍, ദേവികുളം ബാര്‍ അസോസിയേഷന്‍ ഭാരവാഹി എം.സി. രാജേഷ് എന്നിവരും കോടതി സ്റ്റാഫും ചേര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ സാമഗ്രികള്‍, ഭക്ഷണം എന്നിവ പോലിസിനു കൈമാറി.

Munnar Pettimudi landslide: Death 26; search continues




Tags:    

Similar News