ഇടുക്കി ഡാമിലെ ജലനിരപ്പ് 2,371.52 അടി കടന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

Update: 2021-07-30 02:09 GMT

ഇടുക്കി: ഏതാനും ദിവസങ്ങളായി പെയ്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2,371.52 അടി കടന്നിരിക്കുകയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 1,36.50 അടിയില്‍ തുടരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയില്‍നിന്നും കൂടുതല്‍ ജലം മധുര ഭാഗത്തേക്ക് തുറന്നുവിടുന്നുണ്ട്. ഇടുക്കി ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2,372.58 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിക്കണം.

2,378.58 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. 2,379.58 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ഇതിനുശേഷം ജില്ലാ കലക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടണം. 2,408.5 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 65.49 ശതമാനം വെള്ളം നിലവില്‍ അണക്കെട്ടിലുണ്ട്. ഇനിയും മഴ ശക്തമായാല്‍ ജലനിരപ്പ് വീണ്ടും ഉയരാനും ഡാം തുറക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. അതേസമയം, മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഷട്ടര്‍ തുറക്കേണ്ടിവരില്ലെന്നാണ് കെഎസ്ഇബി യുടെ കണക്കുകൂട്ടല്‍.

സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവില്‍ 15 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചുദിവസം മുമ്പ് ഇത് 41 ദശലക്ഷമായിരുന്നു. 11 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനെടുക്കുന്നുണ്ട്. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം പൂര്‍ണതോതിലാക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്. അതിനാല്‍, ജലനരിപ്പ് ഒരടി ഉയരാന്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കും.

Tags:    

Similar News