സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: കണ്ണൂരിലെ വിദ്യാര്‍ഥിനിക്ക് ദേശീയതലത്തില്‍ നാലാം സ്ഥാനം
കണ്ണൂര്‍: സിബിഎസ്ഇ 2021-22 അധ്യയന വര്‍ഷം നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് ദേശീയ തലത്തില്‍ നാലാം സ്ഥാനം. കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തിയിലെ സുമയ്യാസില്‍ ബിസിനസ്സുകാരനായ ഷംസുദ്ദീന്റെയും സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ സുമയ്യയുടെയും മകള്‍ ഷംഹാന ശംസാണ് ദേശീയതലത്തില്‍ മികവ് തെളിയിച്ചത്. ശംഹാനയ്ക്ക് കണ്ണൂര്‍ സഹോദയയില്‍ ഒന്നാം സ്ഥാനമാണ്. നാല് വിഷയങ്ങളില്‍ 100 വീതവും രണ്ട് വിഷയങ്ങളില്‍ 98 വീതം മാര്‍ക്കുമാണ് ലഭിച്ചത്. കണ്ണൂര്‍ സഹോദയ നടത്തിയ വിവിധ മത്സരങ്ങളില്‍ ഷംഹാന മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പ്രൈമറി തലം മുതല്‍ കണ്ണൂരിലെ സ്വകാര്യ സ്‌കൂളിലാണ് പഠിച്ചത്. ഷംഹാനയുടെ സ്ഥിരോത്സാഹത്തിനും കഠിന പ്രയത്‌നത്തിനുള്ള അംഗീകാരമാണ് നേട്ടമെന്ന് അധ്യാപകര്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ റിംസ് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഐ.വി. ജനാര്‍ദ്ദനന്‍, പ്രിന്‍സിപ്പല്‍ സറീന രാകേഷ്, ഹെഡ്മിസ്ട്രസ് സ്വപ്ന വത്സരാജ്, കുട്ടിയുടെ പിതാവ് ഷംസുദ്ദീന്‍ പങ്കെടുത്തു.