ജില്ലയില്‍ 12 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വരും തലമുറയെയും നാടിന്റെ ഭാവിയെയും കൂടി പരിഗണിച്ചുള്ളവയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പുതുതായി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സ്‌കൂളുകള്‍ ലോക നിലവാരത്തിലേക്ക് എത്തുകയാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കണം എന്നുള്ളത് കൊണ്ട് തന്നെ അവസാനമില്ലാത്ത പ്രവര്‍ത്തനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയില്‍ നിന്നു അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിച്ച നാല് കെട്ടിടങ്ങളും മൂന്നുകോടി രൂപ ചെലവില്‍ നിര്‍മിച്ച 20 കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 62 കെട്ടിടങ്ങളും നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നാല് കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ടി എം തോമസ് ഐസക്, ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, കെ ടി ജലീല്‍ പങ്കെടുത്തു.
ജില്ലയിലെ 11 സ്‌കൂളുകളിലായി 12 കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കിഫ്ബി വഴി ലഭിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ചിറ്റാരിപ്പറമ്പ് ജി എച്ച് എസ് എസ് കെട്ടിടം, മൂന്ന് കോടി രൂപ വീതം ചെലവഴിച്ച് നിര്‍മിച്ച കതിരൂര്‍ ജി വി എച്ച് എസ് എസ്, ഇരിക്കൂര്‍ ജി എച്ച് എസ് കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പ്രാപ്പൊയില്‍ ജി എച്ച് എസ് എസ്, കടന്നപ്പള്ളി ജി എച്ച് എസ് എസ്, പുറച്ചേരി ജി യു പി എസ്, ചെറുകുന്ന് ജി ഡബ്ല്യു എച്ച് എസ് എസ് കെട്ടിടങ്ങള്‍, ചട്ടുകപ്പാറ ജി എച്ച് എസ് എസ്, നുച്ചിയാട് ജി യു പി എസ്, മട്ടന്നൂര്‍ എം ടി എസ് ജി യു പി എസ്, കതിരൂര്‍ ജി വി എച്ച് എസ്, കോട്ടയം മലബാര്‍ ജി എച്ച് എസ് എസ് കെട്ടിടങ്ങളാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മികവുറ്റതാക്കിയത്.
ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം എല്‍ എമാരായ ടി വി രാജേഷ്, എ എന്‍ ഷംസീര്‍, ജെയിംസ് മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗം ടി ടി റംല, ജില്ലാ പഞ്ചായത്തംഗം കെ നാണു, മട്ടന്നൂര്‍ നഗരസഭ അധ്യക്ഷ അനിത വേണു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ലത(തളിപ്പറമ്പ്), വി വി പ്രീത(കല്യാശ്ശേരി), എന്‍ അനൂപ്(പാനൂര്‍), എ അശോകന്‍(കൂത്തുപറമ്പ്), ടി വസന്തകുമാരി(ഇരിക്കൂര്‍), പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ പി ബാലകൃഷ്ണന്‍(കടന്നപ്പള്ളി-പാണപ്പുഴ), പി പ്രഭാവതി(ചെറുതാഴം), പി കെ ഹസന്‍ കുഞ്ഞി(ചെറുകുന്ന്), എം ഷീബ(കതിരൂര്‍), യു പി ശോഭ(ചിറ്റാരിപറമ്പ്), എന്‍ പത്മനാഭന്‍ (കുറ്റിയാട്ടൂര്‍), കെ ടി അനസ്(ഇരിക്കൂര്‍), മറ്റ് ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ പങ്കെടുത്തു.
CM inaugurated 12 school buildings in the district online