കുടിശ്ശിക കിട്ടിയില്ല; കരാറുകാരന്‍ കെട്ടിടത്തില്‍ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതി
ബുധനാഴ്ച രാത്രി കാണാതായ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ (ജോയി-56) മൃതദേഹമാണ് ഇരു കൈകളുടെയും ഞരമ്പ് മുറിച്ച നിലയില്‍ കാണപ്പെട്ടത്. കരാര്‍ തുകയുടെ കുടിശ്ശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണു പ്രാഥമിക നിഗമനം.
ചെറുപുഴ(കണ്ണൂര്‍): കാണാതായ കരാറുകാരനെ താന്‍ കരാറെടുത്തു നിര്‍മിച്ച കെട്ടിത്തിന്റെ മുകള്‍ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി കാണാതായ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ (ജോയി-56) മൃതദേഹമാണ് ഇരു കൈകളുടെയും ഞരമ്പ് മുറിച്ച നിലയില്‍ കാണപ്പെട്ടത്. കരാര്‍ തുകയുടെ കുടിശ്ശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണു പ്രാഥമിക നിഗമനം.
ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ്, ചെറുപുഴ ഡവലപ്പേഴ്‌സ് കമ്പനി, സിയാദ് കമ്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടം. ചെറുപുഴ ഡവലപ്പേഴ്‌സ്, സിയാദ് കമ്പനി എന്നിവയില്‍ നിന്നായി ജോയിക്ക് 1.4 കോടി രൂപ ലഭിക്കാനുണ്ടെന്നും മരണത്തില്‍ ഈ കമ്പനികളുടെ ഭാരവാഹികളായ എട്ടുപേര്‍ക്കെതിരെ കേസെടുക്കണമെന്നും സഹോദരന്‍ ചെറുപുഴ പൊലിസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണു പരാതി.
ജോയിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നേരത്തേ ചെറുപുഴ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ ഒന്‍പതരയോടെ മൃതദേഹം കണ്ടെത്തിയത്. അതിനിടെ, കുടിശിക തുകയുടെ കാര്യം സംസാരിക്കാനെന്നു പറഞ്ഞാണു ജോയിയെ കെട്ടിടത്തിലേക്കു വിളിച്ചുവരുത്തിയതെന്നാണു ബന്ധുക്കളുടെ ആരോപണം.
ചെറുപുഴയില്‍ 70 സെന്റ് സ്ഥലത്തുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ആശുപത്രിയും ഒന്നാംനിലയില്‍ വാണിജ്യ സ്ഥാപനങ്ങളും മുകള്‍നിലയില്‍ ഫ്‌ളാറ്റുകളുമാണുള്ളത്. കെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണു കെട്ടിടനിര്‍മാണം ആരംഭിച്ചതെങ്കിലും പിന്നീട് വിപുലമായ രീതിയില്‍ നിര്‍മിക്കാന്‍ ഇതിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ചെറുപുഴ ഡവലപ്പേഴ്‌സ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ് സ്ഥാപനം തുടങ്ങുകയായിരുന്നു. എന്നാല്‍ ഒന്നാംനിലയുടെ നിര്‍മാണം നടത്തിയശേഷം, മുകള്‍ നിലയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള അവകാശം സിയാദ് എന്ന കമ്പനിക്കു നല്‍കി. ഈ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണു ജോയി. മൂന്നു നിലകളും നിര്‍മിച്ചതു ജോയി കരാറെടുത്താണ്. 2012ല്‍ നിര്‍മാണം തുടങ്ങിയെങ്കിലും ജോയിയുടെ കുടിശിക ഇരു കമ്പനികളും പൂര്‍ണമായി കൊടുത്തു തീര്‍ത്തിരുന്നില്ല.
60 ലക്ഷം രൂപ കുടിശികയുണ്ടെന്നാണു ജോയി അവകാശപ്പെട്ടതെങ്കിലും 25 ലക്ഷം രൂപ മാത്രമായിരുന്നു തങ്ങള്‍ വരുത്തിയ കുടിശ്ശികയെന്നു ചെറുപുഴ ഡവലപ്പേഴ്‌സ് ഭാരവാഹികള്‍ പറയുന്നു. കരാര്‍ പ്രകാരമുള്ള എല്ലാ ജോലികളും പൂര്‍ത്തീകരിച്ചിരുന്നില്ല. ഒരുവട്ടം കൂടി പരിശോധന നടത്തി നിര്‍മാണം അളന്നശേഷം ബാക്കി തുക നല്‍കാമെന്നു ജോയിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നീക്കം ജോയിയില്‍ നിന്നുണ്ടായില്ല. കാണാതായ ദിവസം ജോയിയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തിയിരുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
15 ലക്ഷം രൂപയാണു ജോയിക്കു നല്‍കാനുണ്ടായിരുന്നതെന്നും ഇതിനു പകരമായി 25 ലക്ഷം വിലവരുന്ന ഫ്‌ളാറ്റ് നല്‍കാന്‍ ധാരണയായിരുന്നെന്നും സിയാദ് കമ്പനി വിശദീകരിച്ചു. ലീഡര്‍ കെ.കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റുമായി മരിച്ച ജോയി മുതുപാറയ്ക്കു സാമ്പത്തിക ഇടപാടുകള്‍ ഒന്നുമില്ലെന്നു ട്രസ്റ്റ് വ്യക്തമാക്കി. എട്ടുപേര്‍ക്കെതിരെ പേര് പരാമര്‍ശിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമോ എന്നതു കൂടുതല്‍ അന്വേഷണത്തിനുശേഷം തീരുമാനിക്കുമെന്നും തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിനു ചെറുപുഴ പൊലിസ് കേസെടുത്തിട്ടുണ്ട്.
അതേ സമയം, കരാറുകാരന്റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തി. കോണ്‍ഗ്രസുകാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഒരു കുടുംബത്തിന്റെ ആശ്രയമായ കരാറുകാരന്റെ ജീവിതം ഇല്ലാതായതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചു. ജോസഫിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചു. മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ഒരു നേതാവിന്റെ നേതൃത്വത്തിലാണ് കെ കരുണാകരന്‍ സ്മാരക ആശുപത്രി പണിയാന്‍ ട്രസ്്റ്റ് ഉണ്ടാക്കിയത്. ആശുപത്രിക്ക് വേണ്ടി പണിത കെട്ടിടം വാണിജ്യ സമുച്ഛയമാക്കി മാറ്റുകയായിരുന്നുവെന്ന് ജയരാജന്‍ ആരോപിച്ചു. മുറികള്‍ 10 ലക്ഷം രൂപ വീതവും കോട്ടേജുകള്‍ 47 ലക്ഷം രൂപ വീതവും വാങ്ങിയാണ് വില്‍പ്പന നടത്തിയത്.
ഈ കച്ചവടത്തില്‍ മൂന്നര കോടിയിലേറെ ലാഭം ഉണ്ടാക്കിയിട്ടും കരാറുകാരന് പണം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ദേവസ്യയുടെയും, മുട്ടം മാടക്കല്‍ കുടുംബാംഗം പരേതയായ മറിയാമ്മയുടെ മകനാണു ജോയി മുതുപാറ. ഭാര്യ: മിനി. മക്കള്‍: ഡെവിന്‍ (വൈദിക വിദ്യാര്‍ഥി മുവാറ്റുപുഴ), മെലീസ (വിദ്യാര്‍ഥിനി മാത്തില്‍ ഗുരുദേവ്‌കോളജ്), ഡെന്‍സ് ( വിദ്യാര്‍ഥി ആര്‍ക്ക് എയ്ഞ്ചല്‍സ് സ്‌കൂള്‍ കന്നിക്കളം). സഹോദരങ്ങള്‍: മാര്‍ട്ടിന്‍, മോളി, പെണ്ണമ്മ, റാണി. സംസ്‌കാരം ഇന്നു രാവിലെ 11 നു ചൂരപ്പടവ് ഹോളിക്രോസ് പള്ളിയില്‍.