കണ്ണൂര്‍: സംഘര്‍ഷമുണ്ടാക്കാന്‍ എസ് ഡി പി ഐ ശ്രമിക്കുന്നുവെന്ന സിപിഎം പ്രസ്താവന അപലപനീയമാണെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവിച്ചു. മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കുകയും അതേസമയം തന്നെ സമാധാനത്തിന്റെ മാലാഖ ചമയുകയും ചെയ്യുകയാണ് സിപിഎം. ബാബരി വിധിക്കെതിരേ യെച്ചൂരി ഉള്‍പ്പെടെയുള്ള സിപിഎം കേന്ദ്ര നേതാക്കള്‍ സുപ്രിംകോടതിയെ വിമര്‍ശിക്കുമ്പോള്‍ ഇവിടെ ലഘുലേഖ വിതരണം ചെയ്തവരെ കതിരൂരില്‍ ആക്രമിക്കുകയാണ് സിപിഎം അണികള്‍ ചെയ്യുന്നത്. ബാബരി വിധി നീതി നിഷേധം എന്നതാണ് ലഘുലേഖയുടെ തലവാചകം. ഈ ലഘുലേഖ ഏത് മതത്തിന്റെ വികാരത്തെയാണ് വ്രണപ്പെടുത്തിയതെന്ന്
സിപിഎം വ്യക്തമാക്കണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ സമാധാനപരമായി ജനാധിപത്യ രീതിയില്‍ ലഘുലേഖ പോലും വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്നതാണ് സിപിഎം നയം. ഇത് എല്ലാകാലത്തും അനുവദിക്കും എന്ന മൗഢ്യം വേണ്ട. അത്തരം ശ്രമങ്ങളെ പാര്‍ട്ടി ജനകീയമായി ചെറുത്ത് തോല്‍പ്പിക്കും.
കതിരൂരില്‍ ലഖുലേഖ വിതരണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിനു പകരം, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസ് ചുമത്താന്‍ ഇടയായ ചേതോവികാരം എന്താണെന്ന് ഇപ്പോള്‍ സിപിഎമ്മിന്റെ പ്രസ്താവന പുറത്തുവന്നതോടെ മനസ്സിലായി. ഇതേ ചേതോവികാരം തന്നെയാണ് കണ്ണൂര്‍ താണയില്‍ ബാബരി വിധിയില്‍ മതേതര വിശ്വാസികളുടെ അതൃപ്തി രാഷ്ട്രപതിക്ക് കത്തെഴുതി അറിയിക്കുന്നതിനിടയില്‍ മൂന്ന് എസ് ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. കക്കാട് ആയുധങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് പറയപ്പെടുന്ന സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തട്ടെയെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.