ജനാധിപത്യ പ്രതിഷേധത്തെ കൈയൂക്കുകൊണ്ട് നേരിടാനുള്ള സിപിഎം നീക്കം അനുവദിക്കരുത്: എ പി മുസ്തഫ
കണ്ണൂര്‍: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനിടെ കണ്ണൂരില്‍ പൊതുപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം- ഡിവൈഎഫ്‌ഐ നടപടി പ്രതിഷേധാര്‍ഹമാണെന്നും ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ ജനാധിപത്യ പ്രതിഷേധങ്ങളെ കൈയൂക്കുകൊണ്ട് നേരിടാനുള്ള നീക്കം അനുവദിക്കരുതെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ പി മുസ്തഫ. പോലിസ് നോക്കിനില്‍ക്കെയാണ് യോഗത്തിലേക്ക് ഇരച്ചുകയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലും അക്രമിച്ചു.
അധികാരത്തിന്റെ തിണ്ണബലത്തില്‍ പോലിസിനെ കാവല്‍ നിര്‍ത്തി സിപിഎം ക്രിമിനലുകളെ ഇറക്കി കെ റെയിലിനെതിരായ പ്രതിഷേധത്തെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യം എന്ന് തങ്ങളുടെ ബാനറുകളില്‍ മുദ്രണം ചെയ്യുകയും ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ വായ്ത്താരി മുഴക്കുകയും ചെയ്യുന്നവരാണ് മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങളെ മസില്‍ പവര്‍കൊണ്ട് നേരിടുന്നത്. കേന്ദ്രസര്‍ക്കാര്‍ ജനകീയ പ്രതിഷേധങ്ങളോട് അനുവര്‍ത്തിക്കുന്ന അതേനിലപാടാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത്.
ജനാധിപത്യവാദികള്‍ക്കും സമരങ്ങള്‍ക്കുമെതിരേ സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ രാജ്യവ്യാപകമായി അതിക്രമം അഴിച്ചുവിടുമ്പോള്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകള്‍ അത് ഏറ്റെടുത്തു നടപ്പാക്കുകയാണ്. ഈ ജനാധിപത്യ രാജ്യത്ത് പൗരാവകാശത്തെ വെല്ലുവിളിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തുന്നത് ഫാഷിസമാണെങ്കിലും കമ്മ്യൂണിസമാണെങ്കിലും പൊതുസമൂഹം അതിനെതിരേ ശക്തമായി രംഗത്തുവരുമെന്ന് എ പി മുസ്തഫ മുന്നറിയിപ്പ് നല്‍കി.