ഗിഫ്റ്റ് ഓഫ് ലൈഫ്: ഹൃദയാരോഗ്യ നിര്‍ണയ ക്യാംപ് ഈ മാസം 15ന് കണ്ണൂരില്‍
കുട്ടികളിലെ ഹൃദ്രോഗം മുന്‍കൂട്ടി കണ്ടെത്തി, ശസ്ത്രക്രിയ അടക്കമുള്ള ഫലപ്രദമായ ചികിത്സകള്‍ നടത്തുന്നതിലേക്കായി കാനനൂര്‍ റോട്ടറി ക്ലബ്ബും ആസ്റ്റര്‍ മിംസും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗിഫ്റ്റ് ഓഫ് ലൈഫ്.
കണ്ണൂര്‍: നിര്‍ധനരായ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഹൃദ്രോഗ നിര്‍ണയത്തിനും തുടര്‍ ശസ്ത്രക്രിയക്കുമായി ഒക്ടോബര്‍ 15ന് ശനിയാഴ്ച കണ്ണൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തുന്നു. കേനന്നൂറ് റോട്ടറി ക്ലബ്ബ്, ആസ്റ്റര്‍ മിംസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാംപില്‍, വിദഗ്ധ പരിശോധനയെ തുടര്‍ന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ സൗജന്യ ശസ്ത്രക്രിയകള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കുട്ടികളിലെ ഹൃദ്രോഗം മുന്‍കൂട്ടി കണ്ടെത്തി, ശസ്ത്രക്രിയ അടക്കമുള്ള ഫലപ്രദമായ ചികിത്സകള്‍ നടത്തുന്നതിലേക്കായി കാനനൂര്‍ റോട്ടറി ക്ലബ്ബും ആസ്റ്റര്‍ മിംസും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗിഫ്റ്റ് ഓഫ് ലൈഫ്.
പാവപ്പെട്ടവര്‍ക്ക് ഭാരിച്ച ഇത്തരം ചികിത്സാ ചെലവ് പ്രയാസകരമായതിനാലാണ് സൗജന്യ ചികിത്സാ സൗകര്യവുമായി റോട്ടറി ക്ലബ്ബും ആസ്റ്റര്‍ മിംസും മുന്നോട്ടു വന്നത്. ഈ പദ്ധതിയിലുള്‍പ്പെടുത്തി ഇതുവരെ 28 ശസ്ത്രക്രിയകള്‍ നടത്തി ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളെല്ലാം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ജന്മനാ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന നിര്‍ധനരായ കുട്ടികള്‍ ഈ ക്യാംപ് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഹൃദ്രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഒക്ടോബര്‍ 15ന് തളാപ്പിലുള്ള ഐഎംഎ ഹാളില്‍ രാവിലെ ഒമ്പതിന് എത്തി രോഗനിര്‍ണയം നടത്താം.
വാര്‍ത്താ സമ്മേളനത്തില്‍ കാനനൂര്‍ റോട്ടറി ക്ലബ് ഡോ. കെ.കെ.രാമചന്ദ്രന്‍ (പ്രസിഡണ്ട്), സുനില്‍ കണാരന്‍ (പ്രോജക്ട് ചെയര്‍), സത്യന്‍ എ വി (സെക്രട്ടറി), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോ: സുല്‍ഫീക്കര്‍ അലി (ഐ എം എ സംസ്ഥാന പേഷ്യന്റ് കെയര്‍ സ്‌കീം) പങ്കെടുത്തു. ക്യാംപില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. 9048293734,9447102199.