കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനിടെ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി പ്രദേശങ്ങളിലേക്ക് ഒഴുകുന്നതിനാല്‍ കാനായി മീന്‍കുഴി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. സംഭവ സ്ഥലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു. രാമന്തളി പാലക്കോട് വലിയ കടപ്പുറത്ത് 70 മീറ്ററിലേറെ കരയിലേക്ക് കടല്‍ കയറി. കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളിയില്‍ രൂക്ഷമായ കടലാക്രമണമുണ്ടായി. തീരദേശവാസികള്‍ ഭീതിയിലാണ്.
മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്ന ഉളിക്കല്‍- കണിയാര്‍വയല്‍ റോഡില്‍ പെയ്യൂര്‍ക്കരി കലുങ്കിന് വിള്ളല്‍ രൂപപ്പെട്ടു. റോഡ് മണ്ണിടിച്ചല്‍ ഭീഷണിയിലാണ്. ഉളിക്കല്‍ പോലിസും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി റോഡ് ഭാഗികമായി അടച്ചു. ചൊക്ലി പെട്ടിപ്പാലത്ത് റോഡില്‍ മരം കടപുഴകി വീണു. പാനൂരിനടുത്ത് കൈവേലിക്കല്‍ വീട്ടു കിണറും കുളിമുറിയും ഇടിഞ്ഞു താഴ്ന്നു. കൈവേലിക്കല്‍ ശ്രീനാരായണ മഠത്തിനു സമീപം മരുന്നന്റവിടെ അച്യതന്റെ വീട്ടു കിണറും കുളിമുറിയുമാണ് ഇടിഞ്ഞു താഴ്ന്നത്. കിണറും കിണറിനോട് ചേര്‍ന്നുള്ള കുളിമുറിയും ഭൂമിക്കടിയിലേക്ക് താഴ്ന്നതിനാല്‍ വീടും അപകടാവസ്ഥയിലാണ്. കടല്‍ക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായ തലശ്ശേരി പെട്ടിപ്പാലം കോളനി അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ സന്ദര്‍ശിച്ചു. പയ്യന്നൂര്‍ നഗരസഭ ഗവ. എല്‍പി സ്‌കൂളിന്റെ(തപാല്‍ സ്‌കൂള്‍) മതില്‍ ഇടിഞ്ഞു വീണു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ വി ലളിത, പൊതുമാരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വിശ്വനാഥന്‍, കൗണ്‍സിലര്‍ അത്തായി പത്മിനി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കരിവെള്ളൂര്‍ വില്ലേജില്‍ കുണിയന്‍ കിഴക്കേ ക്കര പുതിയ പുരയില്‍ കല്യാണിയുടെ വീടിന്റ ഒരു ഭാഗം ചുമര്‍ പുര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.