കണ്ണൂര്‍: ജില്ലയിലെ മാട്ടൂല്‍, മാടായി പഞ്ചായത്തുകളിലെ തീരദേശ മേഖലയില്‍ കടലേറ്റം രൂക്ഷം. ഇന്ന് ഉച്ച മുതലാണ് കടലാക്രമണം രൂക്ഷമായത്. പോലിസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയങ്ങാടി ചൂട്ടാട്, നീരൊഴുക്കും ചാല്‍, കക്കാടന്‍ ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാണ്. കക്കാടഞ്ചാല്‍ പ്രദേശത്ത് തെങ്ങ് കടപുഴകി വീണു. തീരദേശ മേഖലയില്‍ കടല്‍ഭിത്തി തകര്‍ത്ത് റോഡിലേക്ക് വെള്ളം കയറി. റോഡുകളും തകര്‍ന്നു. പൂര്‍ണമായും കടല്‍ ഭിത്തി നിര്‍മ്മിക്കാത്തത് ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറാന്‍ കാരണമാവുന്നതായി നാട്ടുകാര്‍ പറഞ്ഞു. തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പഴയങ്ങാടി പോലിസ് അറിയിച്ചു.
കൊവിഡ് പോസിറ്റിവ് ആയവരെ നേരത്തേ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പഴയങ്ങാടി എസ് ഐ ഇ ജയചന്ദ്രന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ വാഹനസൗകര്യവും കേന്ദ്രവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തമായ കാറ്റില്‍ തെങ്ങ് പൊട്ടിവീണ് ചെറുകുന്ന് പൂങ്കാവ് റോഡില്‍ ഇ മാധവന്റെ വീട് തകര്‍ന്നു. വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് വീടിന് മുകളില്‍ തെങ്ങ് പൊട്ടിവീണത്. ഓട് മേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്ന് താമസ യോഗ്യമല്ലാതായി. വീട്ടുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വൃക്ക മാറ്റിവച്ച് ചികില്‍സയില്‍ കഴിയുകയാണ് മാധവന്‍. ആകെയുള്ള കിടപ്പാടം കൂടി തകര്‍ന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായതയിലാണ് കുടുംബം. സംഭവം അറിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുമെന്ന് സെക്രട്ടറി എം വി ചന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, തായത്തെരു പ്രദേശത്ത് മഴവെള്ളം കയറിയതിനെ തുടര്‍ന്നു കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ ശമീന തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. റെസ്‌ക്യൂ ടീം അംഗവും പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റുമായ മുസഫിറിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗം ജാസിര്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ വര്‍ഷവും അതിന് മുമ്പത്തെയും സാഹചര്യങ്ങള്‍ വിശദീകരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഓവുചാല്‍ ക്രെയിന്‍ ഉപയോഗിച്ച് വൃത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി. പോപുലര്‍ ഫ്രണ്ട് തയ്യില്‍ ഏരിയ സെക്രട്ടറി ജലീല്‍, കമ്മിറ്റി അംഗങ്ങളായ ആസിഫ്, സഫറുദ്ധീന്‍ കടലായി എന്നിവര്‍ കൂടെയുണ്ടായിരുന്നു.
മഴ രൂക്ഷമായ സാഹചര്യത്തില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍: ഇരിട്ടി-0490 2494910, തളിപ്പറമ്പ്-0460 2202569.
Heavy rain in Mattool, Madayi panchayaths