കാസര്‍കോട് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരണം
കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതിനു ബൂത്ത് ഏജന്റിനെതിരേയും കേസെടുക്കും
തിരുവനന്തപുരം: കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ പെട്ട കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ സ്ഥിരീകരണം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ 69, 70 ബൂത്തുകളിലാണ് ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, അബ്ദുസ്സമദ്, കെ എ മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്കെതിരേ ജനപ്രാധിനിധ്യ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതിനു കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിനെതിരേയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കെ എം മുഹമ്മദ് മൂന്നുതവണയും അബ്ദുസ്സമദ്, മുഹമ്മദ് ഫായിസ് എന്നിവര്‍ രണ്ടുതവണ വീതവും വോട്ട് ചെയ്‌തെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. മറ്റൊരു ആരോപണ വിധേയനായ ആഷിഖ് കള്ളവോട്ട് ചെയ്‌തോയെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ല.
ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും വിശദമായി അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവരും. പാര്‍ട്ടി നോക്കിയല്ല നടപടിയെടുക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങും. ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള അവസരമാണിത്. കേരളത്തിന്റെ ഈ രോഗം ചികില്‍സിച്ച് ഭേദമാക്കണം. എന്നാല്‍ റീ പോളിങിന്റെ കാര്യത്തില്‍ തനിക്കു തീരുമാനമെടുക്കാനാവില്ല. വിശദമായ റിപോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനും കൃത്യവിലോപം തെളിഞ്ഞാല്‍ നടപടിയെടുക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.