മഴക്കെടുതി; കണ്ണൂര്‍ ജില്ലയില്‍ നിരവധി വീടുകള്‍ക്കു നാശനഷ്ടം
ചൂട്ടാട് മാറ്റിപ്പാര്‍പ്പിച്ചവരില്‍ കൊവിഡ് ബാധിതരും
കണ്ണൂര്‍: ഇന്നലെ വൈകീട്ട് മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ജില്ലയില്‍ നിരവധി വീടുകള്‍ക്കു കേടുപാടുണ്ടായി. ഇന്ന് ഉച്ചയ്ക്കു 12 വരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരം അനുസരിച്ച് ന്യൂമാഹിയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പയ്യന്നുര്‍ താലൂക്കിലെ കോറോം വില്ലേജ് വടക്കെ പുരയില്‍ കാര്‍ത്ത്യായനിയുടെ വീടിന് മുകളിലേക്ക് മരം പൊട്ടി വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. തലശ്ശേരി താലൂക്കില്‍ അഞ്ച് വീടുകള്‍ക്ക് ഭാഗികമായി നാശ നഷ്ടമുണ്ടായി. കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ എം യശോദയുടെ വീടിന് മുകളില്‍ തെങ്ങു വീണു. ആര്‍ക്കു പരിക്കേറ്റിട്ടില്ല. തലശ്ശേരി താലൂക്കില്‍ കടലോര വില്ലേജായ ന്യൂ മാഹിയില്‍ ആറ് കുടുബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. കടല്‍ ക്ഷോഭം രൂക്ഷമായസാഹചര്യത്തില്‍ മാടായി വില്ലേജിലെ ചൂട്ടാട് പ്രദേശത്തു താമസിക്കുന്ന മജീദ് എന്നയാളെയും 8 പേരുള്‍പ്പെടുന്ന കുടുംബത്തേയും ബന്ധു വീട്ടിലേക്കു രണ്ട് ആംബുലന്‍സുകളിലായി രാത്രി ഒമ്പതരയോടെ മാറ്റി. ഇവരില്‍ മജീദും ഭാര്യയും മാതാവും കൊവിഡ് ബാധിതരാണ്. കടമ്പൂര്‍ വില്ലേജില്‍ എടക്കാട് റെയില്‍വേ ഗേറ്റിനു സമീപത്തെ രണ്ട് വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങളെയും എടക്കാട് പെര്‍ഫെക്ട് സ്‌ക്കൂളിലേക്ക് മാറ്റി. തലായിയില്‍ നിന്ന് കടലില്‍ പോയ മൂന്ന് മീന്‍പിടിത്ത തൊഴിലാളികളെ തീരദേശ പോലിസ് ഇന്നലെ (രാത്രി 10.30 ഓടെ കണ്ടെത്തി കരയിലെത്തിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അതീവ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
Heavy rian; Damage to several houses in Kannur district