പാനൂര്‍ : കണ്ണൂര്‍ പാനൂരില്‍ കടവത്തൂര്‍ ടൗണില്‍ വന്‍ തീപിടിത്തം. കല്ലിക്കണ്ടി റോഡിലെ കുനിയില്‍ മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തീ പിടുത്തത്തില്‍ രണ്ട് കോടിയോളം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
പെരിങ്ങത്തൂര്‍ സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ ഫാന്‍സി ആന്‍ഡ് ഫുട് വേര്‍, ചൊക്ലി സ്വദേശി മശ്ഹൂദിന്റെ ഉടമസ്ഥതയിലുള്ള ഡാസില്‍ ഫാന്‍സി, പന്ന്യന്നൂര്‍ സ്വദേശി പാറമ്മല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള റൂബി പര്‍ദ്ദ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തെ സ്വര്‍ണ്ണാഞ്ജലി ഗോള്‍ഡ്, കേക്ക് ക്ലബ്ബ്,എന്നീ സ്ഥാപനങ്ങള്‍ക്കും നാശ നഷ്ടമുണ്ടായി.സമീപത്തെ മറ്റൊരു കെട്ടിടമായ ദന്തല്‍ ക്ലിനിക്കിന്റെ റൂഫ് ഷീറ്റിലേക്കും തീപടര്‍ന്നു. മെട്രോ ഫാന്‍സി ആന്‍ഡ് ഫുട്‌വേറില്‍ ആണ് ആദ്യം തീപിടിത്തമുണ്ടായത്.
ഞായറാഴ്ചയായതിനാല്‍ കടയില്‍ തൊഴിലാളികള്‍ കുറവായതിനാല്‍ മുകള്‍ നിലയിലുണ്ടായ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടില്ല. മുകളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടവരാണ് തൊഴിലാളികളെ വിവരം അറിയിച്ചത്. പാനൂരില്‍ നിന്നും അഗ്‌നിശമനയുടെ രണ്ട് യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണവിധയമായില്ല. തുടര്‍ന്ന് കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, വടകര, നാദാപുരം യൂണിറ്റുകളെത്തി നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും മൂന്നര മറിക്കൂറോളം നേരം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധയമാക്കിയത്.