കണ്ണൂര്‍ വിമാനത്താവളം: ഓട്ടോ പ്രവേശനത്തിന് ധാരണയായി
ഡിപ്പാര്‍ച്ചറിലേക്കുള്ള പ്രവേശനത്തിന് ഓട്ടോറിക്ഷകള്‍ക്ക് തല്‍ക്കാലം അനുമതിയില്ല
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള പുതിയ നടപടിക്കു ധാരണയായി. സിഒഒ ഉത്പല്‍ ബറുവ ഓട്ടോയൂനിയന്‍ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് എയര്‍പോര്‍ട്ടിന്റെ പാര്‍ക്കിങ്, അറൈവല്‍ എന്നീ ഭാഗങ്ങളിലേക്ക് ഓട്ടോറിക്ഷകളെ കടത്തിവിടാന്‍ തീരുമാനിച്ചത്. ഡിപ്പാര്‍ച്ചറിലേക്കുള്ള പ്രവേശനത്തിന് ഓട്ടോറിക്ഷകള്‍ക്ക് തല്‍ക്കാലം അനുമതിയില്ല. യാത്രികരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് ചര്‍ച്ചയിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്. നടപടി എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.