പൊതു ഇടത്തില്‍ വച്ച് അസഭ്യം പറഞ്ഞു; മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ വനിതാ വാര്‍ഡ് അംഗം പോലിസിലും വനിതാ കമ്മീഷനിലും പരാതി നല്‍കി
കണ്ണൂര്‍: പൊതു ഇടത്തില്‍ വച്ച് പ്രകോപനപരമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ വനിതാ അംഗം പോലിസിലും സംസ്ഥാന വനിതാ കമ്മീഷനിലും പരാതി നല്‍കി. മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം കെ ഇസ്മീറയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അബ്ദുല്‍ ഗഫൂറിനെതിരേ പഴയങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ 13ന് ഈസ് ഓഫ് ലിവിങ് സര്‍വേ (ഗ്രാമവികസന വകുപ്പ്) ചെയ്തതിന്റെ ഫോം ഏല്‍പ്പിക്കാന്‍ വേണ്ടി പഞ്ചായത്ത് ഓഫിസിലെത്തിയപ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നാണ് വാര്‍ഡ് അംഗം പരാതിയില്‍ പറയുന്നത്.
മാട്ടൂല്‍ പഞ്ചായത്തിലെ അങ്കണവാടി ടീച്ചര്‍മാര്‍ 2021-2022 പഞ്ചവല്‍സര പദ്ധതിയുടെ വാര്‍ഷിക അപേക്ഷാഫോം എടുത്തുകൊണ്ടുപോവുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതുസംബന്ധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അബ്ദുല്‍ ഗഫൂറിനോട് വിശദീകരണം തേടി. പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ തീരുമാനം കൈക്കൊള്ളാതെ മുഴുവന്‍ ഭരണസമിതി അംഗങ്ങളെയും അറിയിക്കാതെ പഞ്ചവല്‍സര പദ്ധതി നടപ്പാക്കാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യമുന്നയിച്ചു.
എന്നാല്‍, പഞ്ചായത്ത് ഓഫിസിനകത്ത് ആളുകള്‍ നോക്കിനില്‍ക്കെ വൈസ് പ്രസിഡന്റ് തന്നോട് പ്രകോപിതനായി സംസാരിക്കുകയും വളരെ മോശമായി അസഭ്യം വിളിക്കുകയും ചെയ്യുകയാണുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഈ നടപടി തന്നെ മാനസികമായി വളരെയേറെ പ്രയാസത്തിലാക്കി. വനിതകളെ പൊതു ഇടത്തില്‍ വളരെ മോശമായി അവഹേളിച്ച മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ നിയമപരമായി നടപടി കൈക്കൊള്ളണമെന്ന് വാര്‍ഡ് അംഗം ഇസ്മീറ പോലിസിലും വനിതാ കമ്മീഷനിലും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.