കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

Update: 2024-12-11 16:52 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 12) പഠിപ്പുമുടക്ക് സമരം നടത്തുമെന്ന് കെഎസ്‌യു. തോട്ടട ഗവ. ഐടിഐ കോളേജില്‍ നശിപ്പിച്ച കൊടിമരം വീണ്ടും സ്ഥാപിക്കാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ക്യാംപസിലും പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് കെഎസ്‌യു ജില്ലാ കമ്മിറ്റി അറിയിച്ചു.

കണ്ണൂര്‍ ഐടിഐ മറ്റൊരു യൂണിവേഴ്‌സിറ്റി കാംപസായി മാറിയിരിക്കുകയാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ ആരോപിച്ചു. കെഎസ്‌യു ഗുണ്ടകളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന കേന്ദ്രമായി ഗവ. ഐടിഐ മാറിക്കഴിഞ്ഞു. ജനാധിപത്യം നിലനിര്‍ത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഏതറ്റവും പോകുമെന്ന് എംസി അതുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ഥാപിച്ച കെഎസ്‌യു കൊടിമരം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞിരുന്നു. ഇതു സ്ഥാപിക്കാനായി ബുധനാഴ്ച്ച രാവിലെ ക്യാംപസിലെത്തിയ ഐടിഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്‍, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, രാഗേഷ് ബാലന്‍, ഹരികൃഷ്ണന്‍ പാളാട്, അര്‍ജുന്‍ കോറോം, ബിതുല്‍ ബാലന്‍, ദേവകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Similar News