കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫില്‍ പലയിടത്തും ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നു

Update: 2020-11-17 11:01 GMT

കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ ജില്ലയില്‍ യുഡിഎഫില്‍ പലയിടത്തും സീറ്റുതര്‍ക്കം തുടരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ സീറ്റുതര്‍ക്കം രൂക്ഷമാണ്. പ്രധാനമായും കോണ്‍ഗ്രസും മുസ് ലിം ലീഗും തമ്മിലാണ് തര്‍ക്കം നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സീറ്റുവിഭജനം പൂര്‍ത്തിയാക്കിയെങ്കിലും ഭരണം കൈപ്പിടിയിലുണ്ടായിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇതുവരെ തര്‍ക്കം തീര്‍ന്നിട്ടില്ല. കാലങ്ങളായി നഗരസഭയായിരുന്നപ്പോള്‍ വന്‍ ഭൂരിപക്ഷത്തിനു യുഡിഎഫ് ജയിച്ചിരുന്ന കണ്ണൂര്‍ കോര്‍പറേഷനായ പ്രഥമ തിരഞ്ഞെടുപ്പായ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വിമതപ്രശ്‌നം കാരണം അപ്രതീക്ഷിതമായാണ് ഭരണം നഷ്ടപ്പെട്ടത്. ഏക കോണ്‍ഗ്രസ് വിമത ജയിക്കുകയും ഇരുമുന്നണികള്‍ക്കും തുല്യ സീറ്റ് ലഭിക്കുകയും ചെയ്തതോടെ പി കെ രാഗേഷിന്റെ പിന്തുണയില്‍ എല്‍ഡിഎഫ് മേയര്‍ പദവിയിലെത്തി. ഡെപ്യൂട്ടി മേയറായി പി കെ രാഗേഷ് നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് സമവായത്തിലെത്തി ഭരണം പിടിച്ചു. ഇപ്പോള്‍ വീണ്ടും പി കെ രാഗേഷ് ജയിച്ച പഞ്ഞിക്കയില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ട്. ലീഗും കോണ്‍ഗ്രസിലെ രാഗേഷ് വിഭാഗവും വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. ഇതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് രംഗം സജീവമാക്കാനുമായിട്ടില്ല. വരുംദിവസങ്ങള്‍ മുന്നണിക്ക് ഏറെ നിര്‍ണായകമാണ്.

    മലയോര മേഖലയായ പേരാവൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലാം വാര്‍ഡായ വളയങ്ങാടില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി അരിപ്പയില്‍ മജീദിനെതിരേയാണ് യൂത്ത് ലീഗ് പേരാവൂര്‍ മണ്ഡലം സെക്രട്ടറി പൂക്കോത്ത് സിറാജ് മല്‍സരിക്കുന്നത്. പഞ്ചായത്തിലെ 16 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് ലീഗ് മല്‍സരിക്കാറുള്ളത്. ഇത്തവണ മൂന്ന് സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. ഇതോടെ കോണ്‍ഗ്രസും ലീഗും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പഞ്ചായത്തിലെ മറ്റു ചില വാര്‍ഡുകളിലും യുഡിഎഫില്‍ നിന്ന് വിമതരുണ്ടാവുമെന്നാണു സൂചന. ലീഗിന്റെ സിറ്റിങ് സീറ്റായ പേരാവൂരില്‍ പൂക്കോത്ത് സിറാജിന്റെ ഭാര്യയ്‌ക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്താനും നീക്കമുണ്ട്.

    ഇതിനു പകരമെന്നോണം കാലങ്ങളായി കോണ്‍ഗ്രസ് ജയിക്കുന്ന മുരിങ്ങോടിയില്‍ ലീഗും സ്ഥാനാര്‍ഥിയെ നിര്‍ത്താനാണു തീരുമാനം. വളപട്ടണം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുന്‍കാലങ്ങളിലേതു പോലെ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം തുടരുന്നുണ്ട്. ഏതായാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടുദിവസം ബാക്കിയിരിക്കെയും പോരും വിമതഭീഷണിയുമെല്ലാം ഇക്കുറിയും ജില്ലാ യുഡിഎഫില്‍ ശക്തമാണ്.

Local body election 2020: seat struggle in UDF at Kannur

Tags:    

Similar News