കണ്ണൂരിലെ എംഡിഎംഎ വേട്ട; മുഖ്യപ്രതി പോലിസ് പിടിയില്‍

Update: 2022-03-16 11:53 GMT

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ മയക്കുമരുന്ന് കണ്ണൂരില്‍ പിടികൂടിയ കേസിലെ മുഖ്യപ്രതി പോലിസ് പിടിയിലായി. കണ്ണൂര്‍ തെക്കി ബസാര്‍ നിസാം അബ്ദുല്‍ ഗഫൂര്‍ (35) ആണ് അറസ്റ്റിലായത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലിസ് മരവിപ്പിച്ചിട്ടുണ്ട്. ഓരോ മാസവും പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരുകോടിക്ക് മുകളിലുള്ള പണ ഇടപാടുകള്‍ നടക്കുന്നതായി പോലിസ് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ ബംഗളൂരുവില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ നിസാം ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ബല്‍ക്കീസ്, അഫ്‌സല്‍ എന്നിവരെ എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടിയ വാര്‍ത്ത വന്നതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു നിസാം അബ്ദുല്‍ ഗഫൂര്‍. ശാസ്ത്രീയമായ അന്വേഷണത്തിനോടുവിലാണ് മഞ്ചേശ്വരം ഹോസങ്കടിയില്‍ വച്ച് നിസാം പിടിയിലാവുന്നത്. മയക്കുമരുന്ന് വില്‍പ്പനയിലെ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു നിസാം. കണ്ണൂരിലെ മയക്കുമരുന്നു കേസുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പ്രതിക്ക് ഇതുമായി ബന്ധപ്പെട്ട് ഏഴുകേസ്സുകള്‍ കേരളത്തിലും മറ്റ് സംസ്ഥനങ്ങളിലുമായി നിലവിലുണ്ട്.

കേരളത്തില്‍ മലബാര്‍ മേഖലകളില്‍ പുതുതലമുറ മയക്കുമരുന്നുകളുടെ മൊത്തവിതരണക്കാരനാണ് പിടിയിലായ നിസാം.കണ്ണൂര്‍ സിറ്റി പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി കെ സുമേഷിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐമാരായ റാഫി, മഹിജന്‍, അടക മാരായ രഞ്ജിത്, അജയന്‍, എസ്‌സിപിഒ മിഥുന്‍ തുടങ്ങിയവരും പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലായ പ്രതികള്‍ക്ക് പുറമേ കൂടുതല്‍ പേര്‍ ഈ കേസുമായി ബന്ധമുണ്ടെന്നും ഇനിയും അറസ്റ്റുണ്ടാവുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.

Tags:    

Similar News