മേലെ ചൊവ്വ-മട്ടന്നൂര്‍-കൂട്ടുപുഴ റോഡ് വികസനം; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി
കണ്ണൂര്‍: മട്ടന്നൂര്‍ വിമാനത്താവളം വഴി കടന്നു പോകുന്ന മേലെചൊവ്വ-മട്ടന്നൂര്‍-കൂട്ടുപുഴ ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാതയായി ഉയര്‍ത്തിയ റോഡിലെ വായന്തോട് ജങ്ഷനില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരിലേക്ക് എയര്‍പോര്‍ട്ട് വഴി കടന്നുപോവുന്ന റോഡ് എന്ന നിലയ്ക്ക് വലിയ പ്രധാന്യമാണ് ഈ റോഡിന് നല്‍കുന്നത്. റോഡ് വികസനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ രൂപം നല്‍കും. ഇതിന്റെ മുന്നോടിയായി എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഒരു പ്രത്യേക യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലും ചെലവ് പരമാവധി കുറച്ചുകൊണ്ടും മികച്ച രീതിയിലുള്ള റോഡ് വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂര്‍-മണ്ണൂര്‍ റോഡില്‍ നായിക്കാലിയില്‍ പുഴയിലേക്ക് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു. മട്ടന്നൂര്‍ മണ്ണൂര്‍ മരുതായി റോഡിന്റെ നവീകരണ പ്രവൃത്തിക്കിടെയാണ് 2019ലെ കാലവര്‍ഷത്തില്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നത്. നായിക്കാലി പാലത്തിന് സമീപം നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും തകര്‍ന്നിരുന്നു. ഈ റോഡുമായി ബന്ധപ്പെട്ട ഒരു സ്റ്റാറ്റസ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കിഫ്ബിയുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ ആലോചിക്കാന്‍ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ കെ ശൈലജ എംഎല്‍എ, മുന്‍ എംഎല്‍എ എം വി ജയരാജന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, പിഡബ്ല്യുഡി റോഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ജഗദീഷ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആശിഷ് കുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.