'എത്ര ഗര്‍ഭിണികള്‍ നടുറോഡില്‍ പ്രസവിച്ചു'; റോഡ് ശോച്യാവസ്ഥയില്‍ നിയമസഭയില്‍ നജീബ് കാന്തപുരം

Update: 2024-07-05 07:16 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരേ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എത്ര ഗര്‍ഭിണികള്‍ നടുറോഡില്‍ പ്രസവിച്ചെന്നും മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ചെമ്പരത്തിപ്പൂ ചെവിയില്‍വച്ച് ചാടിച്ചാടി പോവേണ്ട അവസ്ഥയല്ലേ മലയാളികള്‍ക്കെന്നും നജീബ് കാന്തപുരം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടിസ് അവതരിപ്പിക്കുന്നതിനിടെയാണ് നജീബ് കാന്തപുരം എംഎല്‍എ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍, സംസ്ഥാനത്തെ റോഡുകള്‍ നല്ല നിലവാരത്തിലുള്ളതാണെന്നും വളരെ കുറച്ച് റോഡുകളില്‍ മാത്രമാണ് പ്രശ്‌നമുള്ളതെന്നും മന്ത്രി റിയാസ് മറുപടി നല്‍കി. കുറച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. അത് വരും ദിവസങ്ങളില്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

    2023ല്‍ മാത്രം 4,110 പേര്‍ റോഡ് അപകടങ്ങളില്‍ മരണപ്പെട്ടു. 54,369 പേര്‍ക്ക് പരിക്കേറ്റു. എത്ര മനുഷ്യരുടെ നട്ടെല്ല് ഒടിഞ്ഞു. എത്ര മനുഷ്യര്‍ കിടപ്പിലായി. എത്ര മനുഷ്യര്‍ക്ക് അംഗവൈകല്യമുണ്ടായി. എത്ര ഗര്‍ഭിണികള്‍ നടുറോഡില്‍ പ്രസവിച്ചു. എത്ര സ്ത്രീകള്‍ക്ക് അബോര്‍ഷനായി. തന്റെ നിയോജകമണ്ഡലത്തിലെ പട്ടാമ്പി റോഡില്‍ ഒരു ഗര്‍ഭിണി വീണ് അബോര്‍ഷനായി. ഈ കൊലക്കുറ്റത്തിന് ആരുടെ പേരിലാണ് കേസ് എടുക്കുക. ജനിക്കാതെ പോയ ആ കുഞ്ഞിന്റെ ഘാതകന്‍ പൊതുമരാമത്ത് വകുപ്പാണെന്നും നജീബ് കാന്തപുരം പറഞ്ഞു. യുദ്ധഭൂമിയിലേക്ക് പോവുന്നത് പോലെയല്ലേ ആളുകള്‍ റോഡിലേക്ക് പോവുന്നത്. ജീവന്‍ കിട്ടിയാല്‍ കിട്ടി. തിരിച്ചുവന്നാല്‍ വന്നു. എന്ത് ഉറപ്പാണ് റോഡ് വഴിയുള്ള യാത്രകള്‍ക്കുള്ളതെന്നും നജീബ് കാന്തപുരം ചോദിച്ചു. അതേസമയം, നജീബ് കാന്തപുരത്തിന്റെ നോട്ടീസ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഭരണപക്ഷത്തെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ശകാരിച്ചു. അദ്ദേഹം അവതരിപ്പിക്കട്ടേയെന്നും ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെയാണ് ശരിയാവുകയെന്നും ചോദിച്ച സ്പീക്കര്‍സ ഈ ഫ്‌ലോറില്‍ ഒന്നും പറയാന്‍ പറ്റില്ലേയെന്നും ചോദിച്ചു.

Tags:    

Similar News