മാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച സെയില്‍സ്മാന്‍ അറസ്റ്റില്‍

Update: 2024-12-14 13:37 GMT

കണ്ണൂര്‍: തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. സ്ഥാപനത്തിലെ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26) പിടിയിലായത്. തലശ്ശേരി ടൗണ്‍ പോലിസാണ് പ്രതിയെ പിടികൂടിയത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷോറൂമിന് തൊട്ടടുത്തുള്ള യാര്‍ഡില്‍ ഡെലിവറിക്കായി നിര്‍ത്തിയിട്ട മൂന്ന് പുത്തന്‍ കാറുകള്‍ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലിസിന് തീവെയ്പാണെന്ന് അന്നേ സൂചന ലഭിച്ചിരുന്നു.

പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാളുടെ അവ്യക്തരൂപം കണ്ടിരുന്നു. ഇത് പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേയ്ക്കെത്തിച്ചത്. കുറ്റസമ്മതം നടത്തിയ യുവാവിനെ കാര്‍ ഷോറൂമില്‍ എത്തിച്ചു തെളിവെടുത്തു. ഷോറൂം മാനേജര്‍ പ്രഭീഷിന്റെ പരാതി പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ഏതാണ്ട് 40 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.





Similar News